ന്യൂഡൽഹി: ‘വിശാല ഇസ്രായേൽ’ എന്ന മിഥ്യാ മോഹവുമായാണ് ഇസ്രായേൽ അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതെന്നും ആ മിഥ്യാമോഹം പിന്തുടരുന്നതിൽ നിന്ന് ഇസ്രായേലി ജനതയെ തടയാനാണ് തങ്ങൾ യുദ്ധം ചെയ്യുന്നതെന്നും ഇറാൻ. സൗദി മുതൽ ഒമാൻ വരെ എല്ലാവർക്കും ഇത് ഇസ്രായേലിന്റെ യുദ്ധമാണെന്ന് അറിയാമെന്നും അമേരിക്കയെ അവർ ഇതിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്നതാണെന്നും ഇറാൻ വിദേശകാര്യ സഹമന്ത്രി സഈദ് ഖാതിബ്സാദെ പറഞ്ഞു. ഹുർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും യു.എസ്, ഇസ്രായേൽ പതാകകളുള്ള കപ്പലുകൾക്ക് മാത്രമാണ് വിലക്കെന്നും ന്യൂഡൽഹിയിൽ ‘രായ്സീന ഡയലോഗി’ൽ അദ്ദേഹം വ്യക്തമാക്കി.
ഇറാൻ യു.എസ് സൈനിക താവളങ്ങൾ മാത്രമാണ് ആക്രമിക്കുന്നതെന്ന് അദ്ദേഹം തുടർന്നു. മൊസാദും ഇസ്രായേലും വ്യാജ ഫ്ലാഗ് ഓപറേഷൻ നടത്തുന്നതായി കേൾക്കുന്നുണ്ട്. എണ്ണ സംസ്കരണ ശാലകൾ ആക്രമിക്കാനാണ് അവരുടെ നീക്കം. സൈപ്രസിനെ ആക്രമിക്കാനും നീക്കമുണ്ട്. അത് ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കമല്ലെന്ന് യു.കെ പ്രധാനമന്ത്രി പറഞ്ഞിരുന്നു. വ്യാജ ഫ്ലാഗ് ഓപറേഷൻ നടത്താൻ ശ്രമിച്ച രണ്ടോ അതിൽ കൂടുതലോ മൊസാദ് സംഘങ്ങളെ സൗദിയിലും ഖത്തറിലും പിടികൂടിയതായി ടക്കർ കാൾസനും പറഞ്ഞു. ഇറാന് അങ്ങനെയൊരു ലക്ഷ്യമില്ല. സംഘർഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനാണ് ഇറാന്റെ ശ്രമം. ഈ സംഭവങ്ങളിൽ അവർക്ക് കടുത്ത ആശങ്കയുണ്ട്.
മേഖലയിലെ സുഹൃദ് രാജ്യങ്ങൾക്ക് ഇതേക്കുറിച്ച് ആശങ്കയുണ്ട്. നിലനിൽപിനെ തന്നെ ബാധിക്കുന്നതാണ് ഈ യുദ്ധം. അതിനാൽ എല്ലാവരെയും ആശങ്കപ്പെടുത്തുന്നതുമാണ്. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന്റെ തലവനെ വധിക്കുന്നത് ഒന്നാലോചിച്ചു നോക്കൂ.
ഇന്ത്യക്ക് പാകിസ്താനുമായി ബന്ധമുണ്ടാകാം. അത് ഏറിയും കുറഞ്ഞുമിരിക്കും. അസർബൈജാനും അർമീനിയയും തമ്മിൽ സംഘർഷമുണ്ടാകാം. എന്നാൽ, രാജ്യങ്ങൾ തമ്മിൽ സംഘർഷങ്ങൾ ഉണ്ടായാൽ ഒരു രാഷ്ട്രത്തിന്റെ തലവനെ തന്നെ ഉന്നമിടാമെന്നാണോ? കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണിത്. അതാണ് പുതിയ കീഴ്വഴക്കമെങ്കിൽ, അത് അങ്ങേയറ്റം അപകടകരമാണ്. ഈ യുദ്ധം മേഖലയെ ആകെ ബാധിക്കുന്നതാണെന്ന് ഇറാൻ പ്രസിഡന്റ് പറഞ്ഞത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.