മസൂറി: ഭർത്താവിനൊപ്പം അവധിയാഘോഷിക്കാനെത്തിയ സോഫ്റ്റ്‌വെയർ എൻജിനീയർ മസൂറിയിലെ ഹോംസ്റ്റേയിൽ മരിച്ചനിലയിൽ. കിയാന തിപ്രിധാർ മേഖലയിലെ ഹോംസ്റ്റേയിൽ താമസിക്കുകയായിരുന്ന ഡൽഹി ഷകർപുർ സ്വദേശിനി പി. രാധ ഗായത്രി (27) ആണ് മരിച്ചത്. ഗുഡ്ഗാവിലെ ഐ.ടി കമ്പനിയിൽ ജീവനക്കാരിയായിരുന്നു.
ജൂൺ 13നാണ് രാധയും ഭർത്താവ് സൗമ്യ ശ്രീചരണും ഡൽഹിയിൽനിന്ന് ഉത്തരാഖണ്ഡിലെ മസൂറിയിലേക്ക് യാത്ര തിരിച്ചത്. തുടർന്ന് 14ന് രാത്രി 11.30-ഓടെ ഇവർ മസൂറിയിലെ ഹോംസ്റ്റേയിൽ എത്തി.
തിങ്കളാഴ്ച രാവിലെ ഉറക്കമുണർന്നപ്പോൾ ഭാര്യയെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഭർത്താവ് പൊലീസിനോട് പറഞ്ഞു. വായിൽനിന്ന് രക്തം വരുന്നത് കണ്ട ഉടൻ തന്നെ സഹായത്തിനായി നിലവിളിച്ചു. തുടർന്ന് പൊലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തിയെങ്കിലും രാധ മരിച്ചതായി സ്ഥിരീകരിച്ചു.
പുലർച്ചെ 3.30 ഓടെ മുറിയിൽ ഉറങ്ങാൻ കിടന്ന ഇരുവരും മുറിയിൽ വെച്ച് മദ്യം കഴിച്ചിരുന്നതായി മസൂറി പൊലീസ് ഇൻസ്പെക്ടർ ദേവേന്ദ്ര സിങ് ചൗഹാൻ വാർത്ത ഏജൻസിയോട് പറഞ്ഞു.
മുറിയിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. യുവതിയുടെ മാതാപിതാക്കൾ എത്തിയ ശേഷം മാത്രമേ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനയും പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.