കർണാടകയിൽ വീണ്ടും ‘റിസോർട്ട് രാഷ്ട്രീയം’; നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് എം.എൽ.എമാർ റിസോർട്ടിലേക്ക്

ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണകക്ഷിയായ കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റുന്നു. ജൂൺ 18നാണ് തെരഞ്ഞെടുപ്പ്. ക്രോസ് വോട്ടിങ്ങും അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളും ഒഴിവാക്കുന്നതിനായാണ് ഈ തീരുമാനം.

ജൂൺ 16ന് കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി യോഗം ചേരും. യോഗത്തിന് ശേഷം എം.എൽ.എമാരെ ബംഗളൂരുവിൽനിന്ന് 28 കിലോമീറ്റർ അകലെയുള്ള ടെറിയ റിസോർട്ടിലേക്ക് മാറ്റുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വോട്ട് ചെയ്യാൻ നിയമസഭയിലേക്ക് കൊണ്ടുപോകുന്നതുവരെ എം.എൽ.എമാർ റിസോർട്ടിൽ തുടരും.

ഏഴ് എം.എൽ.സി സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.കെ. ഹരിപ്രസാദ്, ടിപ്പണപ്പ കാമാക്നൂർ, പി.വി. മോഹൻ, ശിവണ്ണ ബി.എസ്., വിനയ് കാർത്തിക് പ്രകാശ് എന്നീ അഞ്ച് സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജെ.ഡി.എസ് ഗോവിന്ദരാജുവിനെയും ബി.ജെ.പി ലിംഗരാജ് പാട്ടീലിനെയും ആർ. രഘുവിനെയും സ്ഥാനാർഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

224 അംഗ നിയമസഭയിൽ കോൺഗ്രസിന് 134 എം.എൽ.എമാരുള്ളതിനാൽ നാല് സീറ്റുകൾ അനായാസം നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. ബി.ജെ.പിക്ക് രണ്ടുസീറ്റുകളും നേടാനാകും. എന്നാൽ ഏഴാമത്തെ സീറ്റിനായുള്ള പോരാട്ടം കടുത്തതായിരിക്കും. അവസാന നിമിഷം സ്ഥാനാർഥിയെ ഇറക്കിയ ജെ.ഡി.എസ് കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾക്ക് വെല്ലുവിളി ഉയർത്തിയിട്ടുണ്ട്.

ഓരോ സ്ഥാനാർഥിക്കും വിജയിക്കാൻ ഏകദേശം 28 വോട്ടുകൾ ആവശ്യമാണ്. നാല് സ്ഥാനാർഥികളെ വിജയിപ്പിച്ചശേഷം കോൺഗ്രസിന് ശേഷിക്കുന്ന വോട്ടുകൾ അഞ്ചാം സീറ്റ് നേടാൻ മതിയാകുമോ എന്നതാണ് പ്രധാന ചർച്ച. ജെ.ഡി.എസും ബി.ജെ.പിയും ചേർന്ന് ഏഴാമത്തെ സീറ്റിനായി ശക്തമായ നീക്കങ്ങൾ നടത്തുന്ന സാഹചര്യത്തിൽ എം.എൽ.എമാരെ ഒരുമിച്ച് നിർത്താനാണ് കോൺഗ്രസിന്റെ ശ്രദ്ധ.

Tags:    
News Summary - Karnataka MLC polls Resort politics returns as Congress looks to shield MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.