റബർ ബോർഡിൽ രാഷ്ട്രീയവത്കരണമോ​? ചെയർമാനായി ബി.ജെ.പി നേതാവ് എൻ. ഹരി

കോട്ടയം: റബർ ബോർഡിന്റെ തലപ്പത്ത് ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന പതിവുരീതിക്ക് മാറ്റംവരുത്തി കേന്ദ്രസർക്കാർ. കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന റബർ ബോർഡിന്റെ ചെയർമാനായി ബി.ജെ.പി മധ്യമേഖല പ്രസിഡന്റ് എൻ. ഹരിയെ നിയമിച്ച് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. മൂന്നുവർഷത്തേക്കാണ് നിയമനം.

കഴിഞ്ഞ രണ്ട് വർഷമായി റബർ ബോർഡ് അംഗമായി പ്രവർത്തിക്കുകയായിരുന്നു ഹരി. റബർ ബോർഡ് ചരിത്രത്തിൽ ആദ്യമായാണ് രാഷ്ട്രീയ നേതാവ് ഈ പദവിയിൽ എത്തുന്നത്. ചെയർമാൻ സ്ഥാനത്തുനിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, 18 മാസമായി ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. ഇക്കാലയളവിൽ വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ അധിക ചുമതല നൽകിവരികയായിരുന്നു.

ദീർഘകാലമായി ഐ.എ.എസ് ഉദ്യോഗസ്ഥരുടെ മാത്രം കുത്തകയായിരുന്ന ചെയർമാൻപദവിയിൽ രാഷ്ട്രീയനേതാവിനെ നിയമിച്ചത് അഡ്മിനിസ്ട്രേറ്റിവ് തലത്തിൽ ചർച്ചയായിട്ടുണ്ട്. റബർ മേഖലയിൽ ബി.ജെ.പിയുടെ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കമായും ഹരിയുടെ നിയമനം വിലയിരുത്തപ്പെടുന്നു.

രാഷ്ട്രീയനേതൃത്വം തലപ്പത്ത് വരുമ്പോൾ, ബോർഡിന്റെ തീരുമാനങ്ങളിൽ രാഷ്ട്രീയഇടപെടൽ ഉണ്ടാകുമോയെന്നതാണ് മറ്റൊരു ആശങ്ക. വിദഗ്ധരുടെ ഉപദേശങ്ങൾക്കപ്പുറം രാഷ്ട്രീയമുൻഗണനകൾക്ക് ബോർഡ് വഴങ്ങുമോ എന്നതാണ് പ്രധാനചോദ്യം. സർക്കാർ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കുകയാണെന്ന വിമർശനവും ഉയർന്നുകഴിഞ്ഞു.

അതേസമയം, കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാറിൽ നേരിട്ടെത്തിക്കാൻ പാർട്ടി പ്രതിനിധിക്ക് സാധിക്കുമെന്ന വാദമാണ് ബി.ജെ.പി കേന്ദ്രങ്ങൾ ഉയർത്തുന്നത്. റബർ കർഷകരെ വിശ്വാസത്തിലെടുക്കാൻ ഈ നിയമനത്തിലൂടെ കഴിയുമെന്ന പ്രതീക്ഷയും അവർക്കുണ്ട്.

2011 മുതൽ ബോർഡിനെ നയിച്ചവരിൽ ഷീല തോമസ് (2011-2014), ഡോ. എ. ജയതിലക് (2014-2016), എ. അജിത് കുമാർ (2016-2021) തുടങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു. 2021-2024 കാലയളവിലാണ് ഡോ. സവാർ ധനാനിയ ചെയർമാനായത്.

ബി.ജെ.പി കോട്ടയം ജില്ല പ്രസിഡന്റായിരുന്ന ഹരി നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. 

Tags:    
News Summary - BJP leader N Hari appointed rubber board chairman for three year term

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.