ബംഗളൂരു: ആർ.എസ്.എസിന്റെ നിയമസാധുതയും സാമ്പത്തിക സ്രോതസ്സുകളും ചോദ്യംചെയ്ത് വീണ്ടും കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ. ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന് ഔദ്യോഗികമായി കത്തയച്ചു. സംഘടനയുടെ പ്രവർത്തനങ്ങളുടെ നിയമപരമായ അടിത്തറ വിശദീകരിക്കാൻ അധികാരപ്പെട്ട ഭാരവാഹികളെ നിയോഗിക്കണമെന്നാണ് ആവശ്യം.
സംഘടനയുടെ നിയമസാധുത, ഭാരവാഹികളുടെ വിവരങ്ങൾ, വരുമാന സ്രോതസ്സുകൾ, ചെലവുകൾ, ആസ്തികൾ, നികുതി അടക്കുന്നതിന്റെ വിശദാംശങ്ങൾ, ഔദ്യോഗിക രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനം തുടങ്ങിയ കാര്യങ്ങളിൽ ആർ.എസ്.എസ് വ്യക്തത വരുത്തണം.
രാജ്യത്തുടനീളം 60,000 ശാഖകളുള്ള, വിപുലമായ ശൃംഖലയുള്ള സംഘടന എന്ന നിലയിൽ ആർ.എസ്.എസ് ഉയർന്ന സുതാര്യതയും ഭരണഘടനാപരമായ ഉത്തരവാദിത്തവും പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കർണാടകയിൽ മാത്രം 4,127 ദിവസേനയുള്ള ശാഖകളും ആയിരക്കണക്കിന് മറ്റ് മീറ്റപ്പുകളുമുള്ള സംവിധാനത്തെ ഒരു സ്വകാര്യ ക്രമീകരണമായി കാണാൻ കഴിയില്ല.
ജനാധിപത്യ രാജ്യത്ത് എത്ര വലിയ സംഘടനയായാലും ഭരണഘടനക്ക് അതീതമല്ല. ശുചീകരണ തൊഴിലാളികൾക്ക് പോലും രജിസ്ട്രേഷൻ നിർബന്ധമുള്ള നാട്ടിൽ എല്ലാ മതസ്ഥാപനങ്ങളും ട്രസ്റ്റുകളും ഓഡിറ്റിങ്ങിന് വിധേയമാകുമ്പോൾ ആർ.എസ്.എസിന് അത് എങ്ങനെ ബാധകമാകാതിരിക്കും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആർ.എസ്.എസ് ഭരണഘടനാപരമായ ആത്മപരിശോധന നടത്തണം. സംഘടന രജിസ്റ്റർ ചെയ്യുകയും സാമ്പത്തികവിവരങ്ങൾ വെളിപ്പെടുത്തുകയും നികുതി അടക്കുകയും ചെയ്യുന്ന സുതാര്യമായ ഒരു സംവിധാനമായി മാറണമെന്നും ഖാർഗെ അഭ്യർഥിച്ചു.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനായ പ്രിയങ്ക് ഖാർഗെ, ഈ മാസം ആദ്യം ആഭ്യന്തരവകുപ്പിന്റെ ചുമതലയേറ്റ ശേഷം, രജിസ്ട്രേഷൻ നടപടികൾക്കായി രേഖകൾ തയാറാക്കിവെക്കാൻ ആർ.എസ്.എസിനോട് പറഞ്ഞിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ ബി.ജെ.പി, ആർ.എസ്.എസ് പതിറ്റാണ്ടുകളായി നിയമവിധേയമായാണ് പ്രവർത്തിക്കുന്നതെന്നും ഇപ്പോൾ എന്തിനാണ് പുതിയ രജിസ്ട്രേഷൻ ആവശ്യപ്പെടുന്നതെന്നും ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.