ന്യൂഡൽഹി: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയെ അഭിനന്ദിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലും പഞ്ചാബിലും തങ്ങൾ നടപ്പിലാക്കിയ മാതൃക മറ്റ് സംസ്ഥാന സർക്കാരുകൾ ഏറ്റെടുക്കുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി ആരംഭിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെ കെജ്‌രിവാൾ അഭിനന്ദിച്ചു. "കേരളത്തിലെ സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ. ഡൽഹിയിലും പഞ്ചാബിലും ഞങ്ങൾ നടപ്പിലാക്കിയ പദ്ധതികൾ മറ്റ് സംസ്ഥാനങ്ങളെ ഇത്തരത്തിൽ സ്വാധീനിക്കുന്നത് കാണുമ്പോൾ ഏറെ ചാരിതാർഥ്യമുണ്ട്," കെജ്രിവാൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഡൽഹിയിൽ ഈ പദ്ധതി ആദ്യമായി ആരംഭിച്ചപ്പോൾ അതിന്റെ വലിയ സാധ്യതകളാണ് തങ്ങൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. യാത്രാക്കൂലിയുടെ ഭാരമില്ലാതെ സ്ത്രീകൾക്ക് ജോലിക്ക് പോകാനും, സാമ്പത്തിക സമ്മർദ്ദങ്ങളില്ലാതെ വിദ്യാർത്ഥിനികൾക്ക് പഠനം തുടരാനും ഈ പദ്ധതി വഴി സാധിക്കുന്നുണ്ട്. തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. കെ.എസ്.ആർ.ടി.സിയുടെ 3125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്ര ചെയ്യാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. 'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം തികയുന്നതിന് മുമ്പ് വാക്ക് പാലിക്കാൻ കഴിഞ്ഞതിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നത്.
അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് ചെറിയ ആശയക്കുഴപ്പങ്ങൾ നിലനിന്നുവെങ്കിലും സൗജന്യയാത്ര ഓർഡിനറി ബസുകളിൽ മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും കെ.എസ്.ആർ.ടി.സി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. യാത്രാക്കാർക്ക് തിരിച്ചറിയാനായി ബസുകളിൽ പ്രത്യേക സ്റ്റിക്കറുകളും പതിപ്പിച്ചിട്ടുണ്ട്. തൃശൂരിൽ ഉദ്ഘാടന ദിവസം തന്നെ ബസിൽ പണം ഈടാക്കിയെന്ന പരാതികൾ ഉയർന്നത് വാർത്തയായിരുന്നുവെങ്കിലും, പിന്നീട് ഇത്തരം സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.