കോക്രോച്ച് സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് മർദനം; പലതവണ മുഖത്തടിച്ചു, വിഡിയോ..

ജയ്പൂർ: ജയ്പൂരിൽ തൊഴിലില്ലായ്മക്കും പരീക്ഷാ പേപ്പർ ചോർച്ചക്കുമെതിരെ നടന്ന പരസ്യ പ്രതിഷേധ പ്രകടനത്തിനിടയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ജയ്പൂരിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണ് അജ്ഞാതർ അതിക്രമിച്ചു കയറി അഭിജീതിനെ പലതവണ മുഖത്തടിച്ചത്. അപ്രതീക്ഷിത ആക്രമണത്തെത്തുടർന്ന് സ്ഥലത്ത് വലിയ തോതിൽ സംഘർഷാവസ്ഥ ഉടലെടുത്തു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വിദ്യാഭ്യാസ മേഖലയിലെ അഴിമതികൾ, തൊഴിലില്ലായ്മ, പരീക്ഷാ പേപ്പർ ചോർച്ച എന്നിവയിൽ അധികൃതർ മറുപടി പറയണമെന്നാവശ്യപ്പെട്ട് പൊലീസിന്റെ മുൻകൂർ അനുമതിയോടെയാണ് സി.ജെ.പി ജയ്പൂരിൽ പ്രതിഷേധം സംഘടിപ്പിച്ചത്. അഭിജീത് ദിപ്കെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ആൾക്കൂട്ടത്തിൽ നിന്നെത്തിയ അജ്ഞാതർ പെട്ടെന്ന് ഇയാളുടെ അടുത്തേക്ക് വന്ന് പരസ്യമായി മുഖത്തടിക്കുന്നത്.

അടിയേറ്റതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന സി.ജെ.പി പ്രവർത്തകരും അനുയായികളും അക്രമിയെ തടയാൻ ശ്രമിച്ചതോടെ രംഗം വഷളായി. ഇരുവിഭാഗവും തമ്മിൽ തള്ളിക്കയറ്റവും കൈയാങ്കളിയുമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും ഉടൻ തന്നെ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചനയെങ്കിലും ഇയാളുടെ ഐഡന്റിറ്റി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ആക്രമണത്തിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി അഭിജീത് ദിപ്കെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിപ്പ് പങ്കുവെച്ചു. 'ശാരീരികമായ ആക്രമണങ്ങൾ ഭയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഞങ്ങൾ ശബ്ദം താഴ്ത്തില്ല, സമാധാനപരമായി തന്നെ പ്രതിഷേധം തുടരും. ഞാൻ ഗാന്ധിയുടെയും അംബേദ്കറുടെയും അനുയായിയാണ്. ഈ പോരാട്ടം സ്നേഹത്തോടെയും സമാധാനത്തോടെയും ഞാൻ മുന്നോട്ട് കൊണ്ടുപോകും.' - അഭിജീത് കുറിച്ചു.

വിദ്യാർഥികളെയും ഉദ്യോഗാർഥികളെയും ബാധിക്കുന്ന പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി, പൂനെ, അമൃത്സർ, ബംഗളൂരു തുടങ്ങി രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള സമരങ്ങൾ നടന്നു വരികയാണ്. പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് പാർട്ടി പ്രധാനമായും കാമ്പയിനുകൾ നടത്തുന്നത്. ജയ്പൂരിലെ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

Tags:    
News Summary - Cockroach founder Abhijeet Deepke beaten up; slapped multiple times, video..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.