ഡൽഹി ജല മന്ത്രി പർവേഷ് വർമയുടെ വാർത്തസമ്മേളനത്തിൽനിന്ന്
ഡൽഹി ജല ബോർഡിന്റെ സുപ്രധാന തീരുമാനങ്ങൾ ഡൽഹി ജല മന്ത്രി പർവേഷ് വർമ പ്രഖ്യാപിച്ചു. കുടിശ്ശിക വരുത്തിയ പഴയ വെള്ളക്കരത്തിന്റെ പലിശ നിരക്ക് കുറച്ചു, സർക്കാറിനും ഗാർഹിക ഉപഭോക്താക്കൾക്കും കുടിശ്ശികയുള്ള വെള്ളക്കര ബില്ലുകളുടെ പലിശ എഴുതിത്തള്ളും, അതിന്റെ ഫലമായി ആകെ 80,463 കോടിയുടെ പലിശ എഴുതിത്തള്ളും. അനധികൃത കണക്ഷനുകൾ നിയമവിധേയമാക്കുന്നതിനുള്ള ഫീസും കുറച്ചു. ഇത് ജനങ്ങൾക്ക് ഏറെ ആശ്വാസപ്രദമായ തീരുമാനമാണ്.
ഡൽഹി ജലവിഭവ മന്ത്രി പർവേഷ് വർമ വെള്ളിയാഴ്ച നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഡൽഹി ജലവിഭവ ബോർഡ് (ഡിജെബി) ബോർഡ് യോഗത്തിൽ എടുത്ത നിരവധി പ്രധാന തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.കഴിഞ്ഞ കുറെ വർഷങ്ങളായി ഡൽഹി ജലവിഭവ ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതുമൂലം ഉപഭോക്താക്കൾക്കും പുതിയ കണക്ഷനെടുക്കുന്നവർക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കുടിവെള്ളത്തിന്റെ ബില്ലുകളുടെ പലിശ നിരക്ക് കുറച്ചതായി മന്ത്രി പ്രഖ്യാപിച്ചു. മുമ്പ്, ജൽ ബോർഡ് ബിൽ-സൈക്കിളിന് 5 ശതമാനം കോമ്പൗണ്ടിങ് പലിശ ഈടാക്കിയിരുന്നു.ഇത് ഒരു ബിൽ-സൈക്കിളിന് 2 ശതമാനമാക്കി കുറച്ചു. മുമ്പ്, 100 രൂപ കുടിശ്ശികയുള്ള ബിൽ ഒരു വർഷത്തിൽ 178 രൂപയായി വർധിച്ചിരുന്നു. ഇപ്പോൾ, അതേ ബിൽ 130 രൂപയായി കുറയും.കുടിശ്ശികയുള്ള വാട്ടർ ബില്ലുകളുടെ പലിശ ഇളവ്
സർക്കാർ, ഗാർഹിക ഉപഭോക്താക്കൾക്കുള്ള കുടിശ്ശികയുള്ള വാട്ടർ ബില്ലുകളുടെ പലിശ ഇളവ് പ്രഖ്യാപിച്ചു. അടുത്ത മാസം മുതൽ ഈ പദ്ധതി നടപ്പാക്കും.ജനുവരി 31 നകം ബില്ലുകൾ അടക്കുന്നവർക്ക് നൂറുശതമാനം കിഴിവ് ലഭിക്കും. മാർച്ച് 31 നകം അടക്കുന്നവർക്ക് 70 ശതമാനം കിഴിവ് ലഭിക്കും.ജലബോർഡിന്റെ കുടിശ്ശിക ബില്ലുകൾ 87,589 കോടിയാണെന്നും അതിൽ 80,463 കോടി പലിശ മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഈ ഇളവ് പദ്ധതി പ്രകാരം ബില്ലുകൾ അടക്കാനും മറ്റ് സംവിധാനങ്ങൾക്കുമായി വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കും. ഈ സർക്കാരിന്റെ ഭരണകാലത്തെ ആദ്യത്തേതും അവസാനത്തേതുമായ ബിൽ ഇളവ് പദ്ധതിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ, ഏത് സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈദ്യുതി ബിൽ സമർപ്പിക്കുന്ന പോലെ, മൂന്ന് മാസത്തെ വാട്ടർ ബില്ലുകൾ സമർപ്പിക്കുന്നതും നിർബന്ധമാക്കും. വാണിജ്യ ഉപഭോക്താക്കൾക്കുള്ള കിഴിവുകൾ പിന്നീട് പ്രഖ്യാപിക്കും.
അനധികൃത ഗാർഹിക കണക്ഷനുകൾ നിയമവിധേയമാക്കുന്നതിന് ഇനി മുതൽ 26,000 രൂപക്ക് പകരം മാർച്ച് 31വരെ 1,000 രൂപയേ ഈടാക്കൂ. അതിനുശേഷം, ഫീസ് വീണ്ടും 26,000 രൂപതന്നെയായിരിക്കും. മുമ്പ് വിലയുണ്ടായിരുന്ന അനധികൃത വാണിജ്യ കണക്ഷനുകൾ നിയമവിധേയമാക്കുന്നതിന് മുമ്പ് 61,500 രുപ ഈടാക്കിയിരുന്നു. ഇനി മുതൽ 5,000 രൂപ മാത്രമെ ചെലവാകൂ.
വാട്ടർ മീറ്റർ ഇൻസ്റ്റലേഷൻ നിയമങ്ങളിലും മാറ്റം വരുത്തി. വാട്ടർ മീറ്റർ ഘടിപ്പിക്കാൻ ഇപ്പോൾ കൂടുതൽ ഓപ്ഷനുകൾ ഉണ്ടാകും. മുമ്പ്, മീറ്ററുകൾ സ്ഥാപിക്കാൻ 1,000 പേർക്ക് മാത്രമെ ലൈസൻസ് ഉണ്ടായിരുന്നുള്ളൂ, അത് 250 ആയി കുറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും1,000 എണ്ണം കൂടുതലായി ഉയർത്തും. ഇതിനായി ഐ.ടി.ഐ, പോളിടെക്നിക് സ്ഥാപനങ്ങളുമായി കൂടിയാലോചിക്കും. ഈ ക്രമീകരണത്തിലൂടെ, വാട്ടർ ബോർഡ് ഇനി മുതൽ മീറ്ററുകൾ തന്നെ സ്ഥാപിക്കില്ല, ഇത് തീർപ്പാക്കാത്ത ലക്ഷത്തിലധികം അപേക്ഷകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യാൻ സൗകര്യമാവും. മീറ്റർ ഘടിപ്പിക്കാനുള്ള കാലതാമസം കാരണം ജലബോർഡിന് പ്രതിവർഷം 51,000 കോടി നഷ്ടപ്പെടുന്നുണ്ട്.
3,000 കോടി രൂപയുടെ മലിനജല സംസ്‌കരണ പ്ലാന്റ്, മലിനജല പൈപ്പ് ലൈൻ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി ജലമന്ത്രി പറഞ്ഞു.സെപ്റ്റംബർ 30 ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഈ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഈ പദ്ധതികൾ 7 ദശലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.