ഹൈദരാബാദ്: റെയിൽവേ ട്രാക്കിൽ ലോഹ വസ്തുക്കൾ വെച്ച് വിവിധ ഇടങ്ങളിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 'ആൾദൈവമായി' സ്വയം വിശേഷിപ്പിക്കുന്ന ഓം എന്ന പേരിൽ പരിചയപ്പെടുത്തുന്ന ഒഡിഷ സ്വദേശിയായ വിജയകുമാറാണ് പിടിയിലായത്.
തമിഴ്നാട്ടിലും തെലങ്കാനയിലും വിവിധ ഇടങ്ങളിലാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചത്. ടിക്കറ്റെടുക്കാതെ യാത്രചെയ്തതിന് ട്രെയിനിൽ നിന്ന് ഇറക്കിവിട്ടതിലെ പ്രതികാരമായാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
'ദൈവ തുല്യരായവർക്ക് ടിക്കറ്റെടുക്കേണ്ട ആവശ്യമില്ല, എന്നെ ടിക്കറ്റില്ലെന്നും പറഞ്ഞ് ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു. ഇതുകൊണ്ടാണ് ഞാൻ ട്രെയിൻ തകർക്കാൻ തീരുമാനിച്ചത്'- യുവാവ് മൊഴി നൽകി.
ഏപ്രിൽ 26നും 29നും ഇടയിൽ ആവടി അമ്പത്തൂർ, ആരക്കോണം എന്നിവിടങ്ങളിലായി തുടർച്ചയായി നടന്ന ട്രെയിൻ അട്ടിമറി ശ്രമങ്ങൾ വലിയ ആശങ്ക തന്നെ സൃഷ്ടിച്ചിരുന്നു. എൻ.ഐ.എ ഉൾപ്പെടെയുള്ളവർ അന്വേഷിക്കുകയും ചെയ്തിരുന്നു.
രണ്ടാഴ്ച മുൻപ് കച്ചഗുഡക്കും ബുദേലിനും ഇടയിൽ പാളങ്ങളിൽ അട്ടിമറി ശ്രമം നടന്നതിന് പിന്നാലെയാണ് ഇയാളെ ഹൈദരാബാദിൽ വെച്ച് പിടികൂടുന്നത്. റെയിൽവേ ട്രാക്കുകളിൽ ലോഹ വസ്തുക്കളും കല്ലുകളും കയറ്റിവെച്ചാണ് ഇയാൾ അട്ടിമറി ശ്രമം നടത്തിയത്.
43-വയസ്സുള്ള ഇയാള്‍ ഹരിദ്വാര്‍ സ്വദേശിയാണെന്നും ഓം എന്നാണ് പേരെന്നുമാണ് പൊലീസിനോട് പറഞ്ഞത്. തമിഴ്‌നാട് റെയില്‍വേ പൊലീസ് ഇയാളേക്കുറിച്ചുള്ള അന്വേഷണത്തിനായി ഹരിദ്വാറിലേക്ക് പോയെങ്കിലും ഓം എന്ന പേരിലുള്ള ഒരാളേക്കുറിച്ച് അവിടെനിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ല. ഇയാളുടെ യഥാര്‍ത്ഥ പേര് വിജയ്കുമാര്‍ എന്നാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കുറച്ചുകാലം മുൻപ് ഒരു മഠത്തില്‍ താമസിച്ചിരുന്നതായും പല സംസ്ഥാനങ്ങളിലും ഇലക്ട്രീഷ്യനായി ജോലിചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ ഇയാൾ ചെന്നൈ പുഴൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.