ന്യൂഡൽഹി: രാജ്യത്ത് ഓർഡനൻസ് ഫാക്ടറി ബോർഡ് പുനസംഘടിപ്പിച്ച് രൂപീകരിച്ച ഏഴു പ്രതിരോധ കമ്പനികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാക്കും. ഇത് ആത്മനിർഭർ ഭാരതിന്‍റെ ലക്ഷ്യമാണെന്നും മോദി പറഞ്ഞു.
പുതിയ കമ്പനികൾക്കായി 65,000 കോടി രൂപ നീക്കിവെച്ചു. ഈ കമ്പനികൾ ആയുധങ്ങളും വെടിക്കോപ്പുകളും വാഹനങ്ങളും നൂതന സാങ്കേതിക വിദ്യകളും നൽകുകയും ഇന്ത്യയെ ആഗോള ബ്രാൻഡായി ഉയർത്തുകയും ചെയ്യും. മത്സരാധിഷ്ഠിത വിലയാണ് ഞങ്ങളുടെ ശക്തി, ഗുണമേന്മയാണ് നമ്മുടെ പ്രതിച്ഛായ -മോദി പറഞ്ഞു.
പുതിയ കമ്പനികൾ രാജ്യത്തെ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റും. പതിറ്റാണ്ടുകളായി മുടങ്ങികിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കുന്നു. ഗവേഷണത്തിനും നവീകരണത്തിനാകും ഈ കമ്പനികൾ ഊന്നൽ നൽകുക -മോദി പറഞ്ഞു.
മറ്റു രാജ്യങ്ങൾക്കൊപ്പം നിൽക്കുകയെന്നത് മാത്രമല്ല നമ്മുടെ ലക്ഷ്യം. ആഗോളതലത്തിൽ നമ്മൾ മുൻപന്തിയിൽനിന്ന് നയിക്കണം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പ്രതിരോധ രംഗത്തെ കയറ്റുമതി 315 ശതമാനമായി ഉയർന്നുവെന്നും മോദി പറഞ്ഞു.
പുതിയ ഭാവിക്കായി പുതിയ പ്രതിജ്ഞ രാജ്യം എടുത്തുകഴിഞ്ഞു. 41 ഓർഡനൻസ് ഫാക്ടറികളെ പുനസംഘടിപ്പിച്ച് ഏഴു പുതിയ കമ്പനികളാക്കാനുള്ള തുടക്കം ഈ പുതിയ യാത്രയുടെ ഭാഗമാണെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.