ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, ആമസോൺ, ബ്ലിങ്കിറ്റ് എന്നിവയിലെ ഗിഗ് തൊഴിലാളികൾ ഡിസംബർ 31-ന് രാജ്യവ്യാപക പണിമുടക്കിന് ഒരുങ്ങുന്നു. മെച്ചപ്പെട്ട വേതനം, ഗിഗ്–പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കായി സമഗ്രമായ ദേശീയ നയം എന്നിവ ആവശ്യപ്പെട്ടാണ് സമരം. ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിലും തൊഴിലാളികൾ പണിമുടക്ക് നടത്തിയിരുന്നു.
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂനിയനും ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സും ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്ന ‘10 മിനിറ്റ് ഡെലിവറി’ സംവിധാനം പിൻവലിക്കണം, സുതാര്യമായ വേതന ഘടന ഉറപ്പാക്കണം, അപകട ഇൻഷുറൻസ്, പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
മഹാരാഷ്ട്ര, കർണാടക, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡെലിവറി ജീവനക്കാർ അന്നേദിവസം ആപ്പുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുകയോ സേവനം കുറക്കുകയോ ചെയ്യുമെന്ന് യൂനിയനുകൾ അറിയിച്ചു. പണിമുടക്കിനെക്കുറിച്ച് ബന്ധപ്പെട്ട കമ്പനികൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
കർണാടക സർക്കാർ ഗിഗ് തൊഴിലാളികൾക്കായി സാമൂഹിക സുരക്ഷാ നിയമം കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് നിലവിൽ പ്രാവർത്തികമാക്കിയിട്ടില്ല. കുറഞ്ഞ വരുമാനവും അമിത ജോലിഭാരവും കാരണം ഗിഗ് തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണെന്നും, ഗിഗ് പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ഈ പണിമുടക്ക് പൊതുജനങ്ങളെ സാരമായി ബാധിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.