അധോലോക കുറ്റവാളി ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചുവെന്ന് പ്രചാരണം; നിഷേധിച്ച് എയിംസ് അധികൃതർ
ന്യൂഡൽഹി: ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന അധോലോക കുറ്റവാളി ഛോട്ടാ രാജൻ(61) കോവിഡ് ബാധിച്ച് മരിച്ചതായി പ്രചാരണം. ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ മരണം റിപ്പോർട്ട് ചെയ്തതോടെ ഇക്കാര്യം നിഷേധിച്ച് എയിംസ് അധികൃതരും മുംബൈ പൊലീസും രംഗത്തെത്തി. കഴിഞ്ഞ ഏപ്രിൽ 26നാണ് ഛോട്ടാ രാജനെ എയിംസിൽ പ്രവേശിപ്പിച്ചത്.
ഇന്തോനേഷ്യയിലെ ബാലിയിൽ നിന്ന് 2015 ൽ അറസ്റ്റിലായ രാജേന്ദ്ര നികൽെജ എന്ന ഛോട്ടാ രാജൻ ഡൽഹിയിലെ അതീവ സുരക്ഷയുള്ള തിഹാർ ജയിലിൽ കഴിഞ്ഞു വരികയായിരുന്നു.
കൊലപാതകം, കൊള്ള തുടങ്ങിയവയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ 70ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഛോട്ടാ രാജൻ. മുംബൈയിൽ ഇയാൾക്കെതിരെ നിലനിൽക്കുന്ന എല്ലാ കേസുകളും സി.ബി.ഐക്ക് കൈമാറിയതിനെത്തുടർന്ന് ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക കോടതി രൂപീകരിച്ചിരുന്നു.
2011ൽ മാധ്യമ പ്രവർത്തകയായ ജ്യോതിർമോയ് ഡേയെ കൊലപ്പെടുത്തിയ കേസിൽ കുറ്റവാളിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഛോട്ടാ രാജനെ 2018ൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.