ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന്റെ റിമോർട്ട് കൺട്രോളിലല്ല പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെ. അതെസമയം, എല്ലാ കാര്യങ്ങളും ഗാന്ധി കുടുംബവുമായി ചർച്ച ചെയ്യുമെന്നും അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
'പാർട്ടി കെട്ടിപ്പടുക്കുന്നതിന് അവരുമായി കൂടിയാലോചിക്കും. കാരണം അത് വളരെ പ്രധാനമാണ്. അവരുടെ റിമോട്ട് കൺട്രോളിൽ അല്ല പ്രവർത്തിക്കുന്നത്. ഇത് പറയുന്നവർ ഗാന്ധി കുടുംബത്തെ അപകീർത്തിപ്പെടുത്തുകയാണ്. അവരുടെ സംഭാവനകൾ അറിയപ്പെടണമെന്ന് പോലും അവർ ആഗ്രഹിക്കുന്നില്ല. അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞാൽ ഗാന്ധി കുടുംബത്തെ അവഗണിക്കാൻ തനിക്കാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എല്ലാവരോടും കൂടിയാലോചിക്കേണ്ടതുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി രാവും പകലും നടക്കുന്നു - ഞാൻ അത് തിരിച്ചറിയേണ്ടതല്ലേ? സോണിയ ഗാന്ധി പ്രധാനമന്ത്രി സ്ഥാനം നിരസിച്ചു, ഞാൻ അത് അവഗണിക്കണോ? 20 വർഷത്തോളം പാർട്ടിയെ നയിച്ച അനുഭവമുണ്ട് അവർക്ക്.
ഗാന്ധിമാരുടെ പിന്തുണയോടെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള 'ഔദ്യോഗിക' സ്ഥാനാർഥിയാണെന്ന ആരോപണം ഖാർഗെ നിഷേധിച്ചു.
'ഗാന്ധിമാർ മത്സരിക്കാത്തപ്പോൾ ഞാൻ മത്സരിക്കണമെന്ന് എല്ലാ പ്രതിനിധികളും മുതിർന്ന നേതാക്കളും എന്നോട് പറഞ്ഞു. ഗാന്ധിമാരിൽ നിന്ന് ഒരു വാക്കും ഉണ്ടായില്ല. ആർക്കും മത്സരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചു' -ഖാർഗെ പറഞ്ഞു.
നാമനിർദ്ദേശ പത്രിക സമർപ്പണം അവസാനിക്കുന്നതിന് 24 മണിക്കൂർ മുമ്പാണ് താൻ മത്സരിക്കുമെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവാണെന്നും ആ സ്ഥാനം ഉപേക്ഷിക്കാൻ തയാറല്ലെന്നുമുള്ള പ്രതിച്ഛായ എനിക്കുണ്ടാവരുത്. അതിനാലാണ് മത്സരിക്കാൻ സമ്മതിച്ചത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തന്നെ പ്രേരിപ്പിച്ച നേതാക്കളുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.
'ഔദ്യോഗിക' സ്ഥാനാർഥിയെ പിന്തുണക്കാൻ 'മുകളിൽ നിന്നുള്ള സമ്മർദം' കാരണം തന്റെ പ്രചാരണത്തിന് മോശം പ്രതികരണമെന്ന ശശി തരൂരിന്റെ ആരോപണവും ഖാർഗെ തള്ളി.'എന്റെ പ്രചാരകർ എന്നെ പിന്തുണക്കാൻ ആളുകളോട് ആവശ്യപ്പെടുകയാണെങ്കിൽ, ഞാൻ എന്തുചെയ്യും? 'പിന്തുണക്കാനുള്ള സമ്മർദം 'എന്ന വാദം തെറ്റാണ്. ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കും.'
കോൺഗ്രസിന്റെ പുനരുജ്ജീവനത്തിന് ആവശ്യമായ സമൂലമായ മാറ്റങ്ങൾ തനിക്ക് മാത്രമേ കൊണ്ടുവരാൻ കഴിയൂ എന്ന തരൂരിന്റെ അവകാശവാദത്തെയും ഖാർഗെ ശക്തമായി എതിർത്തു.
'അദ്ദേഹത്തിന് സംഘടനയിൽ എന്ത് അനുഭവമുണ്ടെന്ന് അറിയാം. ഞാൻ എം.എൽ.എയായും സംസ്ഥാന മന്ത്രിയായും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ 20 വർഷത്തോളം മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. അതാണ് എന്റെ റെക്കോർഡ്' ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.