ന്യൂഡൽഹി: ലോക കരൾ ദിനത്തിൽ ശരീരഭാരം കുറച്ചതിന്റെ കഥ പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ യുവാക്കൾ ആരോഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കിൽ അടുത്തൊരു 40 മുതൽ 50 വർഷത്തേക്ക് കൂടി ജീവിക്കാൻ കഴിയുമെന്നും അതുവഴി രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകാൻ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഡയറ്റിൽ മാറ്റം വരുത്തിയും ഉറക്കം കൂട്ടിയും ദിവസവും വ്യായാമം ചെയ്തുമാണ് താൻ ഭാരം കുറച്ചതെന്ന് അമിത് ഷാ പറഞ്ഞു. ആവശ്യത്തിനുള്ള ഉറക്കം, വെള്ളം, ഭക്ഷണക്രമം, വ്യായാമം എന്നിവയാണ് നിങ്ങൾക്ക് മുന്നിൽ ഇങ്ങനെ നിൽക്കാൻ എന്നെ സഹായിച്ചത്. ഇപ്പോൾ താൻ ഒരു തരത്തിലുമുള്ള അലോപ്പതി മരുന്നുകളോ ഇൻസുലിനോ ഉപയോഗിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ലിവർ ആൻഡ് ബൈലറി സയൻസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
2020ൽ ഭാരം കുറക്കുന്നതിന് വേണ്ടിയുള്ള തന്റെ യാത്ര തുടങ്ങിയതെന്ന് അമിത് ഷാ പറഞ്ഞു. എല്ലാവരോടും രണ്ട് മണിക്കൂർ വ്യായാമത്തിൽ ഏർപ്പെടാനും ആറ് മണിക്കൂർ ഉറങ്ങാനും അഭ്യർഥിക്കുകയാണ്. ഇത് വളരെയധികം ഗുണകരമാവും. ഇത് എന്റെ സ്വന്തം അനുഭവമാണെന്നും അമിത് ഷാ പറഞ്ഞു.
ഡൽഹി ലഫ്റ്റനന്റ് ഗവർണർ വിനയ് സക്സേന അടക്കമുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയും പരിപാടിയിൽ സംബന്ധിച്ചിരുന്നു. നേരത്തെ കരൾ ദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്ദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.