വീടൊഴിയാതിരിക്കാൻ സ്വന്തം കാലിലേക്ക് വെടിവെച്ച് തട്ടിപ്പ്; ഡൽഹിയിൽ മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: വീടൊഴിയാൻ ആവശ്യപ്പെട്ട വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി പണം തട്ടാനായി സ്വന്തം കാലിലേക്ക് വെടിയുതിർത്ത വാടകക്കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വളരെ ആസൂത്രിതമായി തയ്യാറാക്കിയ ഒരു നാടകീയ രംഗമായിരുന്നു ഇത്. പരാതിക്കാരനായ വാടകക്കാരൻ ഉൾപ്പെടെ മൂന്ന് പേരെ ഡൽഹി കോട്വാലി പൊലീസും എ.എ.ടി.എസ് നോർത്ത് വിഭാഗവും ചേർന്നുള്ള സംയുക്ത സംഘം അതിവേഗ ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ മേയ് 10-ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചാന്ദ്‌നി ചൗക്കിലെ സൈക്കിൾ മാർക്കറ്റിന് സമീപമുള്ള കൂച്ചാ ബുലാകി ബീഗം എന്ന സ്ഥലത്ത് വാടകക്ക് താമസിക്കുന്ന അവിനാഷ് കുമാർ എന്നയാൾ തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതനായ ഒരാൾ തന്റെ വലതു കാലിലേക്ക് വെടിയുതിർത്തതായി പൊലീസിൽ പരാതി നൽകുകയായിരുന്നു. വെടിയേറ്റ ഇയാളെ ഉടൻ തന്നെ എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് രണ്ട് തിരകൾ പൊലീസ് കണ്ടെടുക്കുകയും വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പൊലീസ് പ്രദേശം കേന്ദ്രീകരിച്ച് ഇരുനൂറിലധികം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. സംഭവസ്ഥലത്ത് കണ്ട ഒരു വെളുത്ത കാറിനെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലോകേഷ് ദാഹിയ, ദീപക് കുമാർ എന്നിവരെ പൊലീസ് ഹരിയാനയിൽ നിന്ന് പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

വീടൊഴിയാൻ ഉടമസ്ഥൻ ആവശ്യപ്പെട്ടതോടെ അവിനാഷ് ഇയാൾക്കെതിരെ കോടതിയിൽ കേസ് നൽകിയിരുന്നു. പിന്നീട് വീട്ടുടമയെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വലിയൊരു തുക തട്ടിയെടുക്കാനാണ് ഇയാൾ സുഹൃത്തുക്കളുമായി ചേർന്ന് ഈ വ്യാജ ആക്രമണം പ്ലാൻ ചെയ്തത്. സുഹൃത്തുക്കൾ എത്തിച്ചുനൽകിയ തോക്ക് ഉപയോഗിച്ച് അവിനാഷ് സ്വന്തം കാലിലേക്ക് തന്നെ വെടിയുതിർക്കുകയായിരുന്നു. പ്രതികളിൽ നിന്ന് തോക്കും തിരകളും കാറും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ അവിനാഷ് കുമാർ (42), ദീപക് കുമാർ (28), ലോകേഷ് ദാഹിയ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    
News Summary - Fraud to avoid eviction: Three arrested in Delhi for shooting self in the leg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.