ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ആഞ്ഞടിച്ച കോൺഗ്രസ് പ്രതിഷേധത്തിന് പൊലീസ്‍രാജിലൂടെ കേന്ദ്ര സർക്കാറിന്റെ മറുപടി. ഡൽഹി പൊലീസും റാപ്പിഡ് പൊലീസ് ഫോഴ്സും നടത്തിയ കടുത്ത ബലപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പൊലീസിന് വഴങ്ങാതിരുന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയി. രാഹുലിന് മുഖത്ത് പരിക്കേറ്റിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ള എം.പിമാരായ കെ.സി. വേണുഗോപാൽ, പ്രിയങ്ക ഗാന്ധി, കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് തുടങ്ങിയവർ പൊലീസ് കസ്റ്റഡിയിലാണ്. സമരക്കാരുമായി സർക്കാർ നടത്തിയ അനുനയ നീക്കങ്ങൾ പരാജയപ്പെട്ടതോടെ സമരവേദിയിൽ കൂട്ട അറസ്റ്റിന് നടപടി തുടങ്ങിയത്. അതേസമയം, സമരരംഗത്തു തന്നെ ഉറച്ചുനിൽക്കുമെന്ന നിലപാടിലാണ് കോൺഗ്രസ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് തലസ്ഥാനനഗരിയെ അക്ഷരാർഥത്തിൽ പിടിച്ചുലക്കുകയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി, സോണിയ ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിഷേധത്തിന് കൂടുതൽ നേതാക്കൾ എത്തിച്ചേർന്നു. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാൺ മാർഗിൽ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇവിടേക്ക് കൂടുതൽ കേന്ദ്രസേനയെ എത്തിക്കുന്നുണ്ട്. അതിനിടെ, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രതിപക്ഷ നേതാവുമായി ആഭ്യന്തര സെക്രട്ടറി നടത്തിയ അനുനയനീക്കവും പാളി.
ഉച്ചക്കുശേഷം അപ്രതീക്ഷിതമായി കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ നേതാക്കൾ ഉൾപ്പെടെയുള്ളവർ കൈകൾ കൂട്ടിക്കെട്ടി, സി.ജെ.പിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സി.ജെ.പിയുടെ സമരത്തിനിടെ, വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സംഭവത്തിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറല്ലെന്നും പാർലമെന്റിൽ ഇതുസംബന്ധിച്ച് ചർച്ച നടത്താനും താൽപര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.
‘എന്താണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നത്? പൊലീസ് മർദിച്ച വിദ്യാർഥികളോട് അദ്ദേഹം മാപ്പ് പറഞ്ഞിട്ടു പോലുമില്ല. പ്രധാനമന്ത്രി ഇതേക്കുറിച്ച് സംസാരിക്കണം. ഈ അസംബന്ധം അവസാനിപ്പിക്കണം’’ –രാഹുൽ ഗാന്ധി പറഞ്ഞു.
പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ഈ പ്രതിഷേധം ശക്തമായത്. അതേസമയം, സി.ജെ.പി പ്രവർത്തകരുടെ സമരം തുടരുകയാണ്. തിങ്കളാഴ്ച രാവും പകലും നീണ്ട പ്രതിഷേധത്തിനും സംഘർഷത്തിനുമിടെ ഡൽഹി പൊലീസ് സമരവേദി നീക്കം ചെയ്തിരുന്നുവെങ്കിലും, പ്രക്ഷോഭകർ ജന്തർ മന്തറിൽ തിരിച്ചെത്തി ടെന്റും താൽക്കാലിക വേദിയും പുനഃസ്ഥാപിച്ചു.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച, സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിലെ അപാകതകൾ എന്നിവയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും സി.ജെ.പി വ്യക്തമാക്കി. ജൂൺ 20-നാണ് ജന്തർ മന്തറിൽ സി.ജെ.പി സമരം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.