ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെയും എംപിമാർ അടക്കമുള്ള ജനപ്രതിനിധികളെയും ആക്രമിക്കുന്ന ഡൽഹി പൊലീസ് നടപടി അവസാനിപ്പിക്കുക, നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാളെ രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നു മുസ്‍ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സർഫറാസ് അഹ്‌മദ്, ജനറൽ സെക്രട്ടറി ടി പി അഷ്‌റഫലി എം എൽ എ എന്നിവർ അറിയിച്ചു.
ഡൽഹി, യുപി, മഹാരാഷ്ട്ര, ബിഹാർ, കർണാടക, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നാളെ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിക്കും. രാജ്യത്തെ ചെറുപ്പക്കാരുടെ ഭാവി തകർക്കുന്ന രൂപത്തിൽ 20ലധികം കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച നീറ്റ് ചോദ്യ പേപ്പർ ചോർച്ച അടക്കമുള്ള പരീക്ഷ ആട്ടിമറികൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഡൽഹിയിൽ നടക്കുന്ന സമരത്തെ കാണേണ്ടത്. വിദ്യാർഥികളെയും അവരോടു ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ എത്തിയ മുതിർന്ന പ്രതിപക്ഷ നേതാക്കളെയും ക്രൂരമായിട്ടാണ് ഡൽഹി പൊലീസ് ആക്രമിച്ചത്. ഈ ചോരക്കളി അങ്ങേയറ്റം ജനധിപത്യ വിരുദ്ധമാണ്. ഡൽഹി ആദ്യമായല്ല സമരങ്ങൾ കാണുന്നത്. ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചു നടക്കുന്ന സമരങ്ങളെ ചർച്ചകൾ നടത്തി പരിഹരിക്കുക എന്നത് എല്ലാ കാലത്തും ഇന്ത്യൻ ജനാധിപത്യത്തിന്റെ മനോഹര കാഴ്ച ആയിരുന്നു. ലോക്പാൽ സമരത്തെ അന്നത്തെ മൻമോഹൻ സർക്കാർ കൈകാര്യം ചെയ്‌ത മാതൃക ഇപ്പോഴത്തെ ഭരണകൂടം ഓർക്കേണ്ടതാണ്.
സമരക്കാരോട് ചർച്ചക്ക് പോലും തയ്യാറാകാതെ അടിച്ചമർത്തിക്കളയാം എന്നാണ് കേന്ദ്ര സർക്കാർ കരുതുന്നതെങ്കിൽ സമരം കൂടുതൽ കരുത്തു നേടുകയാണ് ചെയ്യുക എന്ന് നേതാക്കൾ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരം മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങളോട് യൂത്ത് ലീഗ് പൂർണമായും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. നാളെ നടക്കുന്ന പ്രതിക്ഷേധ പരിപാടികൾ വിജയിപ്പിക്കാൻ രംഗത്തിറങ്ങാൻ മുഴുവൻ സംസ്ഥാന കമ്മിറ്റികളോടും നേതാക്കൾ അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.