കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ത്ര പ്രധാൻ, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കും നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചക്കുമെതിരെയുള്ള വിദ്യാർഥി പ്രക്ഷോഭങ്ങൾക്കിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ രൂക്ഷ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. വിദ്യാഭ്യാസമന്ത്രിക്ക് രാജി കത്തെഴുതാൻ പോലും അറിയാമോയെന്ന് സംശയമാണെന്ന് മഹുവ മൊയ്ത്ര എക്സിൽ കുറിച്ചു.
'ഒരുപക്ഷേ വിദ്യാഭ്യാസ മന്ത്രിക്ക് രാജി കത്ത് എഴുതാൻ അറിയാമായിരിക്കില്ല. മാപ്പുസാക്ഷി ഹരജികൾ എഴുതാൻ മാത്രമാണ് ആർ.എസ്.എസ് പഠിപ്പിച്ചിട്ടുള്ളത്', മഹുവ വിമർശിച്ചു. കഴിഞ്ഞ ദിവസം ഡൽഹിയിൽ 'സൻസദ് ചലോ' മാർച്ചിനിടയിലുണ്ടായ പൊലീസ് നടപടിക്കും ലാത്തിച്ചാർജിനും പിന്നാലെ ജന്തർമന്തറിൽ സമരം തുടരുന്ന 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (സി.ജെ.പി) പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് മഹുവ മൊയ്ത്രയുടെ പ്രതികരണം.
ജൂൺ 20 മുതൽ വിവിധ മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ അഴിമതിക്കെതിരെയും സി.ജെ.പിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർമന്തറിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, നീറ്റ് പരീക്ഷ തട്ടിപ്പിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച പാർലമെന്റിലേക്ക് നടത്തിയ 'സൻസദ് ചലോ' മാർച്ച് വലിയ സംഘർഷത്തിൽ കലാശിച്ചു.
നിരോധനാജ്ഞ ലംഘിച്ച് ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ച സമരക്കാർക്ക് നേരെ ഡൽഹി പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. വ്യാപകമായ സംഘർഷത്തെ തുടർന്ന് നിരവധി വിദ്യാർഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റിരുന്നു. കനത്ത മഴയും കർശന സുരക്ഷയും അവഗണിച്ച് ചൊവ്വാഴ്ചയും സമരക്കാർ ജന്തർമന്തറിൽ സമരവേദി പുനഃസ്ഥാപിച്ച് പ്രതിഷേധം തുടരുകയാണ്.
അതേസമയം, പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 24-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ജന്തർമന്തറിൽ നിന്ന് സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അദ്ദേഹം ആശുപത്രി കിടക്കയിലും സമരം തുടരുകയാണ്. സമരക്കാർക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നിരാഹാരം തുടരുമെന്നാണ് സോനം വാങ്ചുക് വ്യക്തമാക്കിയത്.
പിന്നീട് ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അദ്ദേഹത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകി. പ്രതിഷേധക്കാരെ പിന്തുണച്ച് സി.പി.എം, സി.പി.ഐ നേതാക്കളായ ജോൺ ബ്രിട്ടാസ്, എ.എ. റഹീം, വി. ശിവദാസൻ, പി. സന്തോഷ് കുമാർ, ഡി. രാജ തുടങ്ങിയവർ ജന്തർമന്തർ സന്ദർശിച്ചു. പ്രതിഷേധം ശക്തമായതോടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എം.പി, മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നിവർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. എൻ.സി.പി (എസ്) നേതാവ് ശരദ് പവാറും സമരസ്ഥലം സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.