വിസ്മയ മോഹൻലാൽ
കൊച്ചി: നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ രാഗത്ത്. സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് താരം പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചത്. ജനാധിപത്യ രാജ്യത്തെ സ്വന്തം പൗരന്മാരോട് ഇങ്ങനെയാണോ ഭരണകൂടം പ്രതികരിക്കേണ്ടതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്ന ചോദ്യം ഉന്നയിച്ചാണ് വിസ്മയ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതിഷേധക്കാരോട് നിങ്ങൾ യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണക്കേണ്ടതില്ല. അവർ ഉൾപ്പെട്ട സംഘടനകളെ നിങ്ങൾ ഇഷ്ട്ടപ്പെടേണ്ടതില്ല. എന്നാൽ, അനീതിക്കെതിരെ ശബ്ദം ഉയർത്തുന്ന പൗരന്മാർക്ക് മറുപടിയായി സംവാദത്തിന് പകരം ബലപ്രയോഗമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ, നാം ഓരോരുത്തരും ഒരു നിമിഷം ചിന്തിക്കണം. നമ്മുടെ ജനാതിപത്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് -വിസ്മയ ചോദിച്ചു.
നാളെ കേൾക്കപ്പെടാൻ പോകുന്നത് നിങ്ങളും നിങ്ങളുടെ നഗരവുമായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കുടുംബം. നിങ്ങളോടുള്ള എന്റെ ചോദ്യം ലളിതമാണ്. ജനാധിപത്യ രാജ്യത്തെ സ്വന്തം പൗരന്മാരോട് ഇങ്ങനെയാണ് ഭരണകൂടം പ്രതികരിക്കേണ്ടതെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്നും വിസ്മയ ചോദിക്കുന്നു.
മൺസൂൺ പാർലമെന്റ് ഇന്നലെ ആരംഭിച്ച സാഹചര്യത്തിലാണ് സി.ജെ.പി പ്രതിഷേധം ജന്തർ മന്ദറിൽ നിന്നും പാർലമെന്റിലേക്ക് മാറ്റിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് വിദ്യാർഥികളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. പ്രതിഷേധം ശക്തമായതോടെ പൊലീസും അർധ സൈനിക വിഭാഗവും പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിക്കുകയായിരുന്നു.
പ്രതിഷേധത്തിനിടെ ഗുരുതര പരിക്കേറ്റ 20 വയസുള്ള വിദ്യാർഥിനിയെ ചികിത്സക്കായി ഡൽഹിയിലെ റാം മനോഹർ ലോഹിയ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡൽഹി പൊലീസിന്റെ റിപ്പോർട്ട് പ്രകാരം ഇന്നലെ നടന്ന പ്രതിഷേധത്തിൽ മാത്രം 90 വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രതിഷേധത്തിന് പിന്തുണയുമായി രാഷ്ട്രീയ, സാമൂഹിക, സിനിമ മേഖലയിലെ പ്രമുഖർ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് ദേശിയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എം.പി, മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രി പി.സി. വിഷ്ണുനാഥ് തുടങ്ങിയവർ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.