സോനം വാങ്ചുക്ക്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് നിരാഹാര സമരം തുടരുന്ന ശാസ്ത്രജ്ഞനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്കിനെ സഫ്ദർജങ് ആശുപത്രിയിൽ നിന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലേക്ക് ഉടൻ മാറ്റാൻ ഡൽഹി ഹൈകോടതി ഉത്തരവിട്ടു. സഫ്ദർജങ് ആശുപത്രിയിലെ സിംഗ്ൾ ജഡ്ജി ഉത്തരവിനെതിരെ വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി അങ്മോ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി വിധി.
വാങ്ചുക്കിനെ മേദാന്തയിലേക്ക് മാറ്റുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ മേദാന്തയിലെ ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേഹം നിരന്തരമായ വൈദ്യപരിചരണത്തിന് വിധേയനാകണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു. വാങ്ചുക്കിന്റെ എല്ലാ മെഡിക്കൽ രേഖകളും സഹിതം ആശുപത്രി മാറ്റം നടത്തണമെന്ന് കോടതി നിർദേശിച്ചു.
അതേസമയം, നീറ്റ് ചോദ്യച്ചോർച്ചക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടും കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വാങ്ചുക്കിന്റെ നിരാഹാര സമരം 24-ാം ദിവസത്തിലേക്ക് കടന്നു. ജൂൺ 28 മുതലാണ് സോനം വാങ്ചുക്ക് നിരാഹാര സമരം തുടങ്ങിയത്. സമരം തുടർന്നതോടെ സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും, സമരത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്തതോടെ ജൂലൈ 18-ന് ഡൽഹി പൊലീസ് നാടകീയ നീക്കത്തിലൂടെ അദ്ദേഹത്തെ സമരപ്പന്തലിൽ നിന്ന് ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിലും അദ്ദേഹം സമരം തുടരുകയാണ്.
ഇതിനിടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തുടങ്ങിയ നേതാക്കളും പാർട്ടി എം.പിമാരും പ്രതിഷേധത്തിൽ പങ്കെടുത്തു. കൈകൾ കൂട്ടിക്കെട്ടിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം, സി.ജെ.പി പ്രവർത്തകരുടെ സമരം തുടരുകയാണ്.
തിങ്കളാഴ്ച രാവും പകലും നീണ്ട പ്രതിഷേധത്തിനും സംഘർഷത്തിനുമിടെ ഡൽഹി പൊലീസ് സമരവേദി നീക്കം ചെയ്തിരുന്നുവെങ്കിലും, പ്രക്ഷോഭകർ ജന്തർ മന്തറിൽ തിരിച്ചെത്തി ടെന്റും താൽക്കാലിക വേദിയും പുനഃസ്ഥാപിച്ചു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച, സി.ബി.എസ്.ഇ പുനർമൂല്യനിർണയത്തിലെ അപാകതകൾ എന്നിവയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ സമരം തുടരുമെന്നും സി.ജെ.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.