തമിഴ്നാട്  പൊലീസ് റാപ്പർ അറിവിനെ കസ്റ്റഡിയിലെടുത്തപ്പോൾ

റാപ്പർ അറിവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്; നീറ്റിനെതിരായ അപ്രതീക്ഷിത പ്രതിഷേധത്തിനി​ടെയാണ് സംഭവം

ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയറ്റിന് മുന്നിൽ അപ്രതീക്ഷിത പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ തമിഴ് റാപ് ഗായകനും സാമൂഹിക പ്രവർത്തകനുമായ റാപ്പർ അറിവ് ഉൾപ്പെടെ അഞ്ച് പേരെ ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തു. നീറ്റ് പരീക്ഷ (നാഷണൽ എലിജിബിലിറ്റി കം-എൻട്രൻസ് ​ട്രസ്റ്റ്) പൂർണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ച ഇവരെ പൊലീസ് തടയുകയായിരുന്നു.

സംസ്ഥാന ഭരണസിരാകേന്ദ്രം നിലകൊള്ളുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് കടക്കാനാണ് പ്രതിഷേധക്കാർ ശ്രമിച്ചത്. ഇവിടേക്ക് പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നില്ല. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്നും ഇവരെ സമീപത്തെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. പിന്നീട്, മുഖ്യമന്ത്രി സി. ജോസഫ് വിജയ്നെ കാണാൻ റാപ്പർ അറിവിന് അനുമതി നൽകി.

അതേസമയം, റാപ്പർ അറിവിനെ കസ്റ്റഡിയിലെടുത്തതിനെ ശക്തമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. നീറ്റിനെതിരെ ശബ്ദമുയർത്തിയതിനാണ് റാപ്പർ അറിവിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. അറിവിന്റെ ശബ്ദം രാജ്യത്തെയും തമിഴ്നാട്ടിലെയും ലക്ഷക്കണക്കിന് വിദ്യാർഥികളുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഉദയനിധി ‘എക്സി’ൽ കുറിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നീറ്റിനെതിരായ പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, അറിവിനെ അറസ്റ്റ് ചെയ്ത നടപടി തമിഴ്നാട്ടിലെ യുവാക്കൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപകമായ ക്രമക്കേടുകളാണ് പുറത്തുവരുന്നത്. നീറ്റിനെതിരെ ഉയരുന്ന ശബ്ദങ്ങളെ അടിച്ചമർത്താതെ പ്രതിഷേധക്കാരെ കേൾക്കാൻ സർക്കാർ തയാറാകണമെന്നും ഉദയനിധി ആവശ്യപ്പെട്ടു.

സാമൂഹിക നീതി, ജാതിവിരുദ്ധ രാഷ്ട്രീയം, വിദ്യാഭ്യാസ സമത്വം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി ഗാനങ്ങൾ ഒരുക്കുന്ന റാപ് ഗായകനാണ് അറിവ്. കേന്ദ്രീകൃത പ്രവേശന പരീക്ഷകൾക്ക് എതിരെ അദ്ദേഹം നേരത്തെയും നിലപാട് സ്വീകരിച്ചിരുന്നു. 

Tags:    
News Summary - Rapper Arivu detained over NEET protest in Chennai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.