ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർഥി സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളോ ആഭിമുഖ്യമോ പങ്കുവെക്കരുതെന്ന് വിദ്യാർഥികൾക്കും ജീവനക്കാർക്കും ഐ.ഐ.ടി റൂർക്കി അധികൃതരുടെ മുന്നറിയിപ്പ്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടും രാജ്യത്തുടനീളമുള്ള വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഉന്നയിച്ചും സി.ജെ.പി നടത്തുന്ന വിദ്യാർഥി സമരങ്ങളെ മുൻനിർത്തിയാമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ അഡ്വൈസറി പുറത്തിറക്കിയത്.
രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും നിലവിലുള്ള വിദ്യാർഥി പ്രക്ഷോഭങ്ങളോടും സമൂഹമാധ്യമങ്ങളിലൂടെ ആഭിമുഖ്യം പ്രകടിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയാണ് രജിസ്ട്രാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സ്ഥാപനവും സർക്കാരും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന പ്രസ്താവനകളോ അഭിപ്രായങ്ങളോ വിദ്യാർഥികൾ നടത്തരുതെന്ന നിലവിലുള്ള പെരുമാറ്റച്ചട്ടങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഈ നീക്കം.
തിങ്കളാഴ്ച പാർലമെന്റിന് മുന്നിൽ നടന്ന വിദ്യാർഥി മാർച്ചും പൊലീസ് നടപടിയും വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് 'കോക്ക്‌റോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാർഥികളുടെ സമൂഹമാധ്യമ ഇടപെടലുകൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് കടിഞ്ഞാണിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.