ബംഗളൂരു തടാകത്തിലെ തീപിടിത്തം: അന്വേഷണത്തിന് ഉത്തരവിട്ടു

ബംഗളൂരു: നഗരത്തിലെ ബെലന്തൂര്‍ തടാകത്തില്‍ വ്യാഴാഴ്ചയുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ ദാവേ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. തീപിടിത്തം സംബന്ധിച്ച് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി), ബംഗളൂരു ഡെവലപ്മെന്‍റ് അതോറിറ്റി (ബി.ഡി.എ), ബംഗളൂരു ജലവിതരണ-മലിനീകരണ നിയന്ത്രണ ബോര്‍ഡ് (ബി.ഡബ്ളു.എസ്.എസ്.ബി) എന്നിവക്ക്് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എന്‍.എ. ഹാരിസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തടാക കൈയേറ്റങ്ങള്‍ തടയാനുള്ള നിയമസഭ ഉപസമിതി പ്രദേശം സന്ദര്‍ശിക്കുകയും സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. 

വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് തടാകത്തിലും തടാകക്കരയിലെ അടിക്കാടിലും തീപിടിത്തമുണ്ടായത്. തടാകത്തില്‍ അടിഞ്ഞുകൂടിയ രാസമാലിന്യങ്ങളാണ് ഇതിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. തടാകക്കരയില്‍ കൂട്ടിയിട്ട മാലിന്യങ്ങളില്‍നിന്നാണ് തീപടര്‍ന്നതെന്നും സൂചനയുണ്ട്. കനത്ത പുക കാരണം തിരക്കേറിയ സര്‍ജാപൂര്‍ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍പോലും പറ്റാത്ത സ്ഥിതിയായിരുന്നു. പ്രദേശവാസികളില്‍ പലര്‍ക്കും ശ്വാസതടസ്സവും അനുഭവപ്പെട്ടു. അഗ്നിശമന സേനയത്തെി രാത്രി പത്തോടെയാണ് തീയണച്ചത്. 

രാസമലിനീകരണം കാരണം തടാകത്തില്‍ വെളുത്ത പത നുരഞ്ഞുപൊന്തല്‍ പതിവാണ്. മഴപെയ്താല്‍ ഇത് റോഡിലേക്ക് വ്യാപിച്ച് ഗതാഗതതടസ്സവും ഉണ്ടാവാറുണ്ട്. ചെറുകിട ഫാക്ടറികളില്‍നിന്ന് രാസവസ്തുക്കള്‍ ഒഴുക്കി വിടുന്നതും മാലിന്യം അശാസ്ത്രീയമായി തള്ളുന്നതുമാണ് തടാകത്തെ നശിപ്പിക്കുന്നത്. എന്നാല്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നത്. മലിനീകരണം തടയാന്‍ അടിയന്തര നടപടിയെടുക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് മേധാവി ലക്ഷ്മണ്‍ അറിയിച്ചു. 
 

Tags:    
News Summary - Fire, smoke engulf Bellandur lake in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.