മുംബൈ: ധമനികളിൽ രക്തം കട്ടപിടിച്ച കോവിഡ് രോഗിയെ കൃത്യസമയത്തെ ചികിത്സയിലൂടെ രക്ഷിച്ച് ഡോക്ടർമാർ. ഇടത് കൈയിലെ മൂന്ന് വിരലുകൾ നീലനിറമായതിനെ തുടർന്നാണ് 42 കാരനായ ബാന്ദ്ര നിവാസി പ്രാദേശിക ക്ലിനിക്കിൽ ചികിത്സ തേടിയത്. ഇവിടെനിന്ന് ഡോക്ടർ കോവിഡ് ടെസ്റ്റ് നടത്താൻ നിർദേശിച്ചു. ഫലം പോസിറ്റീവായെങ്കിലും കൈ വിരലിലെ നീല നിറമല്ലാതെ മറ്റു ലക്ഷണങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
അതേസമയം, ഇടത് കൈയിനെ അപകടത്തിലാക്കുന്ന രക്തം കട്ടപിടിക്കലിെൻറ സങ്കീർണതയെക്കുറിച്ച് മനസ്സിലാക്കിയ ഡോക്ടർ അദ്ദേഹത്തെ സെവൻഹിൽസ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. 'രോഗി രാത്രിയാണ് ഇവിടെ എത്തുന്നത്. അദ്ദേഹത്തിന് പനിയോ ചുമയോ ഉണ്ടായിരുന്നില്ല. തികച്ചും സാധാരണനിലയിലായിരുന്നു. എന്നാൽ, മൂന്ന് വിരലുകളുടെ നിറം മാറിയിട്ടുണ്ട്. ഇത് രക്തം കട്ടപിടിച്ചതിനാലാണെന്ന് മനസ്സിലായി. ഓക്സിജൻ അടങ്ങിയ രക്തത്തെ ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്ന ധമനികളിലാണ് ഇത് സംഭവിച്ചിട്ടുള്ളത്. ഞങ്ങൾ ഉടൻ തന്നെ ചികിത്സ തുടങ്ങുകയും അയാളെ രക്ഷിക്കുകയുമായിരുന്നു' -സെവൻഹിൽസ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. ഗണേഷ് മനുധെയ്ൻ പറഞ്ഞു.
'പരിശോധനയിൽ ഇടത് കൈയിലെ രണ്ട് ധമനികളിൽ ഒന്നിന് ഭാഗിക തടസ്സവും മറ്റൊന്നിന് പൂർണ്ണ തടസ്സവുമുണ്ടെന്ന് കണ്ടെത്തി. രക്തം കട്ടപിടിച്ച് അവയവം നിർജീവമാകാനുള്ള സാധ്യത ഏറെയായിരുന്നു. അതിനാൽ രക്തയോട്ടം പുനഃസ്ഥാപിക്കേണ്ടത് പ്രധാനമായി' -ഡോ. മനുധെയ്ൻ കൂട്ടിചേർത്തു.
ത്രോംബോ-സക്ഷൻ ത്രോംബെക്ടമി' എന്ന ചികിത്സ രീതിയിലൂടെയാണ് രക്തം കട്ടപിടിച്ചത് പരിഹരിച്ചത്. രോഗിയുടെ വലത് തുടയിൽനിന്ന് ഇടത് കൈയിലേക്ക് കുഴൽ സ്ഥാപിച്ച് 24 മണിക്കൂർ നിലനിർത്തി. കൂടാതെ രക്തം അലിയിക്കാൻ മരുന്നും നൽകി. 24 മണിക്കൂറിനുള്ളിൽ നീലനിറം അപ്രത്യക്ഷമായി.
ഇൗ രോഗിയടക്കം കഴിഞ്ഞ മാസം ഡോ. മനുധെയ്നും സംഘവും ഇത്തരത്തിലുള്ള അഞ്ചുപേരെയാണ് ചികിത്സിച്ചത്. ഇതിൽ ബാക്കി നാലുപേർക്കും മറ്റു ലക്ഷണങ്ങളുമുണ്ടായിരുന്നു.
കോവിഡിെൻറ ആദ്യ തരംഗത്തിൽ രക്തം കട്ടപിടിക്കുന്ന കേസുകൾ കുറവായിരുന്നുവെന്ന് ഡോ. മനുധെയ്ൻ പറയുന്നു. രക്തം കട്ടപിടിക്കുന്ന കോവിഡ് രോഗികൾക്ക് ഹൃദയാഘാതത്തിനടക്കം സാധ്യതയുണ്ട്. എന്നാൽ, നേരത്തെയുള്ള രോഗനിർണയവും മരുന്നും ആവശ്യമായ ചികിത്സയും വഴി ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.