കാങ്കർ (ഛത്തിസ്ഗഢ്): സംസ്ഥാനത്തെ കാങ്കർ ജില്ലയിൽ, അഞ്ചുലക്ഷം രൂപ തലക്ക് വിലയിട്ട വനിത മാവോവാദി സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ്. മാവോയിസ്റ്റ് ഏരിയ കമ്മിറ്റി അംഗവും കഴിഞ്ഞവർഷം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ദണ്ഡകാരണ്യ സ്പെഷൽ സോണൽ കമ്മിറ്റി അംഗം വിജയ് റെഡ്ഡിയുടെ ഭാര്യയുമായ രൂപിയാണ് കൊല്ലപ്പെട്ടത്. കാങ്കർ അടക്കം ഏഴ് ജില്ലകൾ ഉൾക്കൊള്ളുന്ന നക്സൽ മേഖലയായ ബസ്തറിലെ തെലുഗു കേഡറിലെ അവസാന മുതിർന്ന നേതാവാണ് രൂപിയെന്നും അധികൃതർ പറഞ്ഞു. മാർച്ച് 31ഓടെ സംസ്ഥാനം മാവോവാദി മുക്തമായതായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ചോട്ടെബേതിയ-പാർഥാപുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മാച്ച്പള്ളി വനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് നക്സൽ വിരുദ്ധ സുരക്ഷസേന പ്രദേശത്തെത്തിയതെന്ന് കാങ്കർ എസ്.പി നിഖിൽ രഖേച്ച പറഞ്ഞു.
ഏറ്റുമുട്ടലിനുശേഷമുള്ള പരിശോധനയിലാണ് രൂപിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഛത്തിസ്ഗഢിൽ ഈ വർഷം 28 മാവോവാദികൾ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം സംസ്ഥാനത്ത് 285 മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.