സഭാ സ്തംഭനത്തില്‍ വീണ്ടും പൊട്ടിത്തെറിച്ച് അദ്വാനി; രാജിവെക്കാന്‍ തോന്നുന്നുവെന്ന്

ന്യൂഡല്‍ഹി:  പാര്‍ലമെന്‍റ് സ്തംഭനം തുടര്‍ക്കഥയാകുന്നതിനെതിരെ വീണ്ടും പൊട്ടിത്തെറിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി. ഇതൊക്കെ കാണുമ്പോള്‍ രാജിവെക്കാനാണ് തോന്നുന്നതെന്ന് തുറന്നടിച്ച അദ്വാനി പ്രതിപക്ഷത്തെ വിളിച്ച് ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാന്‍ താന്‍ പറഞ്ഞുവെന്ന് ലോക്സഭാ സ്പീക്കറെ അറിയിക്കാനും നിര്‍ദേശിച്ചു.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഇപ്പോള്‍ സഭയിലുണ്ടായിരുന്നുവെങ്കില്‍ അതീവ ദു$ഖിതനാകുമായിരുന്നുവെന്ന് പറഞ്ഞ അദ്വാനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒളിയമ്പെയ്യുകയും ചെയ്തു. വ്യാഴാഴ്ച ശൂന്യവേളയില്‍ ബഹളം കാരണം സഭ പിരിഞ്ഞതിന് പിന്നാലെയാണ് സഭാ ഹാളില്‍ അദ്വാനി തന്‍െറ നീരസം പ്രകടമാക്കിയത്. സഭ ദിവസത്തേക്ക് പിരിഞ്ഞപ്പോള്‍ അംഗങ്ങള്‍ ഭൂരിപക്ഷവും ഹാള്‍ വിട്ടുപോയെങ്കിലും 15 മിനിറ്റോളം സഭയില്‍ ഇരുന്ന അദ്വാനി അസ്വസ്ഥനായിരുന്നു.

അതിനിടെ, കൂപ്പുകൈയുമായി എത്തിയ മന്ത്രി സ്മൃതി ഇറാനിയോടാണ് തന്‍െറ അതൃപ്തി ആദ്യം പ്രകടമാക്കിയത്. കൈകളുയര്‍ത്തി എന്താണ് ഇവിടെ നടക്കുന്നതെന്ന് ചോദിച്ച അദ്വാനി കടുത്ത ഭാഷയില്‍ സംസാരിച്ചു തുടങ്ങിയതോടെ കുഴങ്ങിയ സ്മൃതി ഇറാനി പിന്നിലെ സീറ്റിനടുത്ത് നില്‍ക്കുകയായിരുന്ന ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെ വിളിച്ചു.

അദ്വാനിയുടെ തോളില്‍ തട്ടിയും ചിരിച്ചും തണുപ്പിക്കാന്‍ രാജ്നാഥ് ശ്രമിച്ചുവെങ്കിലും വിലപ്പോയില്ല. സ്തംഭനം അവസാനിപ്പിക്കാന്‍ പ്രതിപക്ഷത്തെ ചര്‍ച്ചക്ക് വിളിക്കാന്‍ സ്പീക്കറോട് പറയണമെന്ന് അദ്വാനി രാജ്നാഥ് സിങ്ങിനോട് പറഞ്ഞു. അപ്പുറത്തുനിന്ന് ഒരാളെയെങ്കിലും വിളിച്ച് സംസാരിക്കൂ. ഇക്കാര്യം ഞാന്‍ പറഞ്ഞുവെന്ന് സ്പീക്കറെ അറിയിക്കൂ. ശീതകാല സമ്മേളനത്തിന്‍െറ അവസാനദിനമായ വെള്ളിയാഴ്ചയെങ്കിലും ചര്‍ച്ച നടക്കണം.

അങ്ങനെയുണ്ടായില്ളെങ്കില്‍ തെറ്റായ സന്ദേശമാണ് അത് നല്‍കുക. ഈ പെരുമാറ്റം കൊണ്ട് സര്‍ക്കാറിനോ പ്രതിപക്ഷത്തിനോ ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ല. പാര്‍ലമെന്‍റിന് മാത്രമാണ് നഷ്ടം. അദ്വാനിയുടെ രോഷം  പ്രസ് ഗാലറിയിലും കേള്‍ക്കാമായിരുന്നു.

സ്മൃതി ഇറാനിയും രാജ്നാഥും പുറത്തിറങ്ങിയതിന് പിന്നാലെ  അദ്വാനിയുടെ ഇരിപ്പിടത്തിന് അടുത്തത്തെിയ തൃണമൂല്‍ എം.പി ഇദ്രീസ് അലിയോടാണ് രാജിവെക്കാനാണ് തോന്നുന്നതെന്ന് അദ്വാനി പറഞ്ഞത്.  സുഖവിവരം തിരക്കിയ  ഇദ്രീസിന്‍െറ ചോദ്യത്തിന്  എന്‍െറ ആരോഗ്യമൊക്കെ നല്ലതുതന്നെ, പാര്‍ലമെന്‍റിന്‍െറ ആരോഗ്യം അത്ര നന്നല്ല എന്നായിരുന്നു അദ്വാനിയുടെ മറുപടി.

Tags:    
News Summary - Feel Like Resigning, LK Advani Said To Smriti Irani After Parliament Is Adjourned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.