ആൾക്കൂട്ട മർദനം ഭയന്നു; രക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ വിളിച്ച് 'കള്ളന്മാർ'!

ഭുവനേശ്വർ: മോഷ്ടിക്കാൻ കയറിയ വീട്ടിൽ നാട്ടുകാർ പൂട്ടിയിട്ടതോടെ ആൾക്കൂട്ട മർദനം ഭയന്ന് രക്ഷക്കായി പൊലീസിനെ വിളിച്ച് കള്ളന്മാർ. ഒഡീഷയിലെ റൂർക്കല ബസന്തി കോളനിയിലാണ് സിനിമാ കഥയെ വെല്ലുന്ന ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

രണ്ട് നില വീടിന്റെ താഴത്തെ നിലയിലെ താഴിട്ടു പൂട്ടിയ ഗേറ്റ് പൊളിച്ചാണ് നാനക് സിങ് (30), സത്യേന്ദ്ര കുമാർ സിങ് (32) എന്നിവർ അകത്തു കയറിയത്. വീട്ടുടമയും വാടകക്കാരും സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. അലമാര കുത്തിത്തുറന്ന് സ്വർണ്ണവും വെള്ളിയാഭരണങ്ങളും ഇവർ കൈക്കലാക്കിയിരുന്നു. ഈ സമയം വീട്ടിനുള്ളിൽ നിന്ന് സംശയാസ്പദമായ ശബ്ദം കേട്ട അയൽവാസി ഉടൻ തന്നെ മറ്റ് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം സംഘടിച്ചെത്തിയ നാട്ടുകാർ വീടിന്റെ പ്രധാന ഗേറ്റും ടെറസിലേക്കുള്ള വഴിയും പുറത്തുനിന്ന് പൂട്ടി. ഇതോടെ മോഷ്ടാക്കൾ വീടിനുള്ളിൽ കുടുങ്ങി.

പുറത്ത് ആളുകൾ കൂട്ടം കൂടുന്നതും തങ്ങൾ കുടുങ്ങിയെന്നും മനസിലാക്കിയ മോഷ്ടാക്കൾ ആൾക്കൂട്ട മർദനം ഭയന്ന് പരിഭ്രാന്തരായി. ഉടൻ തന്നെ പൊലീസിന്റെ എമർജൻസി ഹെൽപ്‌ലൈൻ നമ്പറായ 112ൽ വിളിച്ച് തങ്ങളെ രക്ഷിക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. ഇതിനിടെ സ്വന്തം വീട്ടുകാരെയും ഇവർ വിവരമറിയിച്ചിരുന്നു.

പുലർച്ചെ 2.30ഓടെ പൊലീസ് സ്ഥലത്തെത്തിയപ്പോൾ രോഷാകുലരായ നാട്ടുകാർ മോഷ്ടാക്കളെ കൈകാര്യം ചെയ്യാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പേടി കാരണം കവർന്ന ആഭരണങ്ങൾ മോഷ്ടാക്കൾ വീട്ടിനുള്ളിൽ തന്നെ ഉപേക്ഷിച്ചിരുന്നു. ഇവ പൊലീസ് കണ്ടെടുത്ത് വീട്ടുകാർക്ക് കൈമാറി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    
News Summary - Fearing mob assault, trapped ‘thieves’ dial cops for help in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.