ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ചിന്നസേലത്ത് ആത്മഹത്യചെയ്ത പ്ലസ്ടു വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം വീണ്ടും നടത്താനിരിക്കെ കുടുംബം നിർദ്ദേശിക്കുന്ന ഡോക്ടറെ പോസ്റ്റ്മോർട്ടം പാനലിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് സുപ്രിംകോടതിയെ സമീപിച്ചു.
കഴിഞ്ഞ ദിവസമാണ് രണ്ടാമതും പോസ്റ്റുമോർട്ടം നടത്താൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘം പോസ്റ്റ്മോർട്ടം നടത്തണമെന്നും നടപടിക്രമങ്ങൾ ചിത്രീകരിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
പ്രാഥമിക പോസ്റ്റ്‌മോർട്ടത്തിൽ പരിക്കുകളിൽ നിന്നുള്ള രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ മരണം ആത്മഹത്യയല്ലെന്ന് വീട്ടുകാർ ആരോപിച്ചു.
ചൊവ്വാഴ്ചയാണ് കണിമയൂർ ശക്തി മെട്രിക്കുലേഷൻ സ്‌കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽനിന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി ചാടി ആത്മഹത്യ ചെയ്തത്. സ്‌കൂളിലെ അധ്യാപകർക്കെതിരെ കുറിപ്പെഴുതി വെച്ചായിരുന്നു ആത്മഹത്യ. സംഭവത്തിൽ ആത്മഹത്യ കുറിപ്പിൽ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരെയും പ്രിൻസിപ്പലിനെയും ക്രൈംബ്രാഞ്ച് സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തിരുന്നു.
ആരോപണ വിധേയരായ അധ്യാപകർക്കും സ്‌കൂൾ മാനേജ്‌മെന്റിനുമെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. 50ഓളം വാഹനങ്ങളാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.