പാറ്റ്ന: ബിഹാറിലെ 'സൈക്കിൾ ഗേൾ' എന്ന വിശേഷണം നേടിയ ജ്യോതിയുടെ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ വർഷം ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഗുരുഗ്രാമിൽ നിന്ന് പിതാവിനെ പിന്നിലിരുത്തി 1200 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ജ്യോതി സ്വദേശത്തെത്തിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.
കഴിഞ്ഞ ദിവസമാണ് പിതാവ് മോഹൻ പാസ്വാൻ അന്തരിച്ചത്. ദർഭാംഗ ജില്ലയിെല ഗ്രാമത്തിലാണ് ഇവർ താമസിക്കുന്നത്.
കഴിഞ്ഞ വർഷം മേയിലാണ് ജ്യോതി പിതാവിനെയും കൊണ്ട് ദേശീയ ശ്രദ്ധയാകർഷിച്ച സൈക്കിൾ യാത്ര നടത്തിയത്. ഗുരുഗ്രാമിൽ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് ഇറക്കിവിടുമോയെന്ന ഭയം കാരണം, അസുഖബാധിതനായ പിതാവിനെ സൈക്കിളിന് പിന്നിലിരുത്തി ജ്യോതി ഇറങ്ങുകയായിരുന്നു. കൈയിൽ പണമില്ലാത്തതും ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യവുമാണ് ഇത്തരമൊരു സാഹസത്തിന് പ്രേരിപ്പിച്ചത്. പിതാവ് മോഹൻ വാഹനാപകടത്തിൽ കാലിന് പരിക്കേറ്റ് കിടപ്പിലായിരുന്നു. നാട്ടിലേക്ക് ബസോ ട്രെയിനോ ആ സമയത്ത് ഉണ്ടായിരുന്നില്ല.
മേയ് ഏഴിന് തുടങ്ങിയ യാത്ര മേയ് 16ന് വീട്ടിലെത്തിയപ്പോഴാണ് അവസാനിച്ചത്. ജ്യോതിയുടെ ഇച്ഛാശക്തിയും സാഹസവും പുറംലോകമറിഞ്ഞതോടെ അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്. യു.എസ് പ്രസിഡന്‍റായിരുന്ന ഡോണൾഡ് ട്രംപിന്‍റെ മകൾ ഇവാങ്ക ട്രംപ് ഉൾപ്പെടെ ജ്യോതിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.
ദേശീയ സൈക്കിൾ ഫെഡറേഷൻ ജ്യോതിക്ക് പരിശീലനം നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, താൻ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാക്കി ജ്യോതി ക്ഷണം നിരസിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.