ന്യൂഡൽഹി: കർഷക പ്രക്ഷോഭം ശക്തമായതോടെ മൂന്ന് കാർഷിക നിയമങ്ങളും നടപ്പാക്കുന്നത് താൽക്കാലികമായി മരവിപ്പിക്കാനാകുമോ എന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് ആരാഞ്ഞു. 'നിങ്ങൾ നിയമങ്ങൾ നിർത്തലാക്കുമോ, ഇല്ലെങ്കിൽ ഞങ്ങൾ നിർത്തിവെക്കാം. ഇവിടെ ഈഗോയുടെ ആവശ്യമില്ല' - കോടതി പറഞ്ഞു.
കാർഷിക നിയമങ്ങളെയും ഡൽഹി അതിർത്തിയിലെ കർഷക പ്രക്ഷോഭത്തെയും ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. കർഷക സമരം കൈകാര്യം ചെയ്തതിൽ സുപ്രീം കോടതി കേന്ദ്രത്തെ അതൃപ്തി അറിയിച്ചു. ചർച്ചകളിൽ തീരുമാനം ആകാത്തത് എന്തുകൊണ്ടാണ്. കഴിഞ്ഞതവണ ചർച്ച നടക്കുന്നുവെന്ന് പറഞ്ഞിരുന്നു. എന്നിട്ടും തീരുമാനമായില്ല.
കർഷക സമരം ചർച്ച ചെയ്യാൻ സമിതിയെ നിയോഗിക്കണം. സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യും. സമരം കൂടുതൽ രൂക്ഷമാവുകയാണ്. നിരവധി പേരാണ് ആത്മഹത്യ ചെയ്തത്. കർഷകരുടെ രക്തം കൈയിൽ പുരളാൻ ആഗ്രഹിക്കുന്നില്ല. കൂടിയാലോചനയില്ലാതെ നിയമം ഉണ്ടാക്കിയതാണ് സമരത്തിന് കാരണം. നിയമം സ്റ്റേ ചെയ്യുന്നത് വരെ കർഷകർക്ക് പ്രതിഷേധം തുടരാമെന്നും കോടതി പറഞ്ഞു.
അതേസമയം, കമ്മിറ്റി രൂപീകരിക്കാമെന്നും പക്ഷെ നിയമങ്ങൾ സ്റ്റേ ചെയ്യരുതെന്നും സർക്കാറിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചു. 'രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ മാത്രമാണ് സമരത്തിനുള്ളത്. മറ്റു ഭാഗത്തെ കർഷകർ ഇതിൽ പങ്കാളികളല്ല' -അറ്റോർണി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.