ന്യൂഡൽഹി: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ കർഷകനാണ് 55 കാരനായ പവൻ കുമാർ സോണി. മകൻ ഹർഷ് വർധൻ മൊബൈലിലേക്ക് വന്ന ഒരു ലിങ്ക് തുറന്നു നോക്കിയതു വഴി ലക്ഷങ്ങളാണ് ഇദ്ദേഹത്തിന് നഷ്ടമായത്. ലിങ്ക് തുറന്ന് മിനിറ്റുകൾക്കകം നാല് ഇടപാടുകളിലായി എട്ടു ലക്ഷമാണ് സോണിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത്. ഡൽഹിയിലെ ദ്വാരകയിലാണ് 26 വയസുള്ള ഹർഷ് വർധൻ. ശ്രീ ഗംഗാനഗർ സിറ്റിയിലെ എസ്.ബി.ഐ ബാങ്കിലെ പിതാവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചത് ഷർഷ് വർധന്റെ ഫോൺ നമ്പറായിരുന്നു.
ശനിയാഴ്ച 3.45ഓടെയാണ് നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുന്നു, ദയവായി നിങ്ങളുടെ കെ.വൈ.സി അപ്ഡേറ്റ് ചെയ്യണം എന്നു പറഞ്ഞ് മൊബൈലിൽ സന്ദേശം ലഭിച്ചത്. ഹർഷിന് യോനോ ആപ്പ് ഉണ്ടായിരുന്നു. എന്നാൽ ലിങ്ക് തുറന്നു നോക്കിയ ഉടൻ മറ്റൊരു ഡൂപ്ലിക്കേറ്റ് ആപ്പ് മൊബൈലിൽ ഡൗൺലോഡ് ആയി.
ഈ ആപ്പ് വഴി കെ.വൈ.സി അപ്ഡേറ്റ് ചെയ്യാൻ കഴിയുമെന്ന് വിചാരിച്ച് ഹർഷ് യൂസർ ഐ.ഡിയും പാസ് വേഡും നൽകി ലിങ്കിൽ കയറാൻ ശ്രമിച്ചു. പെട്ടെന്നാണ് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 8,03,899 രൂപ പിൻവലിച്ചുവെന്ന് സന്ദേശം ലഭിച്ചത്.
ഡൂപ്ലിക്കേറ്റ് ആപ്പ് വഴി തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി ഹർഷ് പിന്നീട് മനസിലാക്കി. കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടുത്ത ബാങ്ക് ലോൺ ആയിരുന്നു പിതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
തുടർന്ന് ഹർഷ് പിതാവിനെ വിവരം അറിയിച്ചു. അദ്ദേഹം ഉടൻ ബാങ്കിലെത്തി മാനേജരോട് വിവരം പറഞ്ഞു. ഹർഷ് ദ്വാരകയിലെ സൈബർ സെല്ലിൽ പരാതിയും നൽകി.
ബാങ്ക് മാനേജർ പ്രാദേശിക സൈബർ സെല്ലിലും പരാതി നൽകി. പണം മാറ്റിയ അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് അതത് ധനകാര്യ സ്ഥാപനങ്ങൾക്ക് ബാങ്ക് മാനേജർ മെയിൽ അയക്കുകയും ചെയ്തു. സോണിയുടെ അക്കൗണ്ടിൽ നിന്ന് മൂന്ന് അക്കൗണ്ടുകളിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തത്. അതിൽ രണ്ടെണ്ണം ഡിജിറ്റൽ പെയ്മന്റ് കമ്പനികളും മറ്റേത് ആക്സിസ് ബാങ്കുമാണ്.
അതിൽ പെ യു പണം കൈമാറുന്നത് തടഞ്ഞുവെച്ചു എന്നറിയിച്ച് ബാങ്ക് മാനേജർക്ക് ഇമെയിൽ അയച്ചു. തുക തിരിച്ചെടുക്കുന്നതിന് രണ്ടു ദിവസത്തിനുള്ളിൽ സൈബർ ക്രൈം ഡിപാർട്മെന്റിൽ നിന്ന് ഇമെയിൽ ലഭിച്ചില്ലെങ്കിൽ തടഞ്ഞത് മാറ്റുമെന്ന് അറിയിച്ചു. ഏറെ കടമ്പകൾ കടന്ന ശേഷം തട്ടിപ്പ് നടന്ന് മൂന്നു ദിവസത്തിനു ശേഷമാണ് പൊലീസിൽ പരാതി നൽകാൻ സാധിച്ചത്. തുടർന്ന് ദ്വാരകയിലെ സൈബർ സെല്ലിൽ നിന്ന് പെ യുവിന് മെയിൽ അയക്കാൻ പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല.
തുടർന്ന് പിതാവ് ഗംഗാനഗർ സിറ്റിയിലെ സൈബർ സെല്ലിനെ സമീപിച്ചു. അവർ പേയുവിന് ഇമെയിൽ അയച്ചതോടെ അക്കൗണ്ടിലേക്ക് 6,24,000 രൂപ തിരികെ ലഭിച്ചു. ആക്സിസ് ബാങ്കിലേക്ക് പോയ 2500രൂപ കൊൽക്കത്തിലെ എ.ടി.എമ്മിൽ നിന്ന് പിൻവലിച്ചതായി ഹർഷിന്റെ സുഹൃത്തുക്കൾ കണ്ടെത്തി.
എന്നാൽ കൊൽക്കത്തയിൽ എന്നാൽ ഡൽഹി പോലീസിൽ നിന്ന് രേഖാമൂലം ലഭിച്ചില്ലെങ്കിൽ തങ്ങൾ ഒന്നും ചെയ്യില്ലെന്ന് അവർ പറഞ്ഞു. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിക്കുന്നതായി ഡൽഹി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.