ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിൻെറ പ്രസ്താവന വസ്തുതാപരമല്ലെന്ന് ഇന്ത്യ. ഇത് തീർത്തും ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ പൗരൻമാരെ പൗരത്വ നിയമ ഭേദഗതി ബാധിക്കില്ല. മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവന വസ്തുതാപരമല്ല. വസ്തുതകൾ മനസിലാക്കാതെയുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രസ്താവന നടത്തിയതായി മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. മൂന്ന് രാജ്യങ്ങളിൽ പീഡനമനുഭവിക്കേണ്ടി വന്ന ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന സ്വാഭാവിക നടപടി മാത്രമാണിതെന്നും ഇന്ത്യ വ്യക്തമാക്കി.
ക്വാലാലംപൂരിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് പൗരത്വ ഭേദഗതി നിയമത്തിൽ മഹാതീർ ആശങ്കയറിയിച്ചത്. ഈ രാജ്യത്തേക്ക് (മലേഷ്യയിലേക്ക്) വന്ന ഇന്ത്യക്കാരെ നമ്മൾ സ്വീകരിച്ചിട്ടുണ്ട്. ചൈനക്കാർക്ക് നമ്മൾ പൗരത്വം നൽകിയിട്ടുണ്ട്. പക്ഷേ, മതനിരപേക്ഷ രാജ്യമെന്നു പറയുന്ന ഇന്ത്യ പൗരത്വത്തിൽ മതപരമായ പരിഗണനകൾ നൽകുന്ന കാഴ്ച ഖേദകരമാണ്. അത് നടപ്പാക്കിയാൽ ആകെ പ്രശ്നമാകുമെന്ന് ഉറപ്പാണ്. അസ്ഥിരതയുടെ ദുരിതങ്ങൾ എല്ലാവരും സഹിക്കേണ്ടിവരുമെന്നായിരുന്നു മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.