ബംഗളൂരുവിൽ ഇനി ഹാജർ രേഖപ്പെടുത്താൻ ഫേഷ്യൽ റെക്കഗ്നിഷൻ; വ്യാജകണക്ക് കാണിച്ചാൽ അധ്യാപകർക്കെതിരെ നടപടി

ബംഗളൂരു: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിലെ അഴിമതിയും വ്യാജ രജിസ്ട്രേഷനും തടയുന്നതിനായി കർശന നിബന്ധനകളുമായി കർണാടക പൊതുവിദ്യാഭ്യാസ വകുപ്പ്. പുതിയ അധ്യയന വർഷം മുതൽ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം, പാൽ, മുട്ട, പഴം എന്നിവ നൽകുന്നത് അവരുടെ കൃത്യമായ ഹാജരുമായി ബന്ധിപ്പിക്കാൻ വകുപ്പ് തീരുമാനിച്ചു. ഇതിനായി ദിവസത്തിൽ മൂന്ന് തവണയെങ്കിലും വിദ്യാർഥികളുടെ ഫേഷ്യൽ റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ) അധിഷ്ഠിത ഹാജർ രേഖപ്പെടുത്താൻ അധ്യാപകർക്ക് നിർദേശം നൽകി.

കുട്ടികൾ സ്കൂളിൽ ഹാജരാകുന്നുണ്ടെന്നും പദ്ധതിയുടെ ആനുകൂല്യങ്ങൾ കൃത്യമായി കൈപ്പറ്റുന്നുണ്ടെന്നും ഉറപ്പുവരുത്താനാണിത്. വ്യാജ ഹാജർ രേഖപ്പെടുത്തി ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. സ്കൂളുകളിൽ വ്യാജ കണക്കുകൾ കാണിച്ചാൽ ബന്ധപ്പെട്ട അധ്യാപകർക്കും പ്രധാനാധ്യാപകർക്കും എതിരെ കർശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത് ധനപരമായ ക്രമക്കേടായി കണക്കാക്കുമെന്നും വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. പുതിയ നിർദേശപ്രകാരം അധ്യാപകർ രാവിലെ രണ്ടുതവണയും ഉച്ചയ്ക്ക് ശേഷവും ഒരു തവണയും കുട്ടികളുടെ ഫേഷ്യൽ റെക്കഗ്നിഷൻ ഹാജർ എടുക്കണം. വ്യാജ ഹാജർ പൂർണമായും ഒഴിവാക്കുന്നതിനായി ജൂൺ 30-നകം എല്ലാ വിദ്യാർഥികൾക്കും 'അപാർ'ഐഡന്റിറ്റി കാർഡ് ലഭ്യമാക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഭക്ഷണം, പാൽ, മുട്ട, പഴം എന്നിവ കഴിച്ച വിദ്യാർഥികളുടെ വിവരങ്ങൾ അന്നുതന്നെ 'സ്റ്റുഡന്റ്സ് അച്ചീവ്മെന്റ് ട്രാക്കിങ് സിസ്റ്റം' പോർട്ടലിൽ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി. വിവരങ്ങൾ തൊട്ടടുത്ത ദിവസം രേഖപ്പെടുത്തുന്നത് ക്രമക്കേടായി കണക്കാക്കും. മുട്ട വിതരണത്തിന് രക്ഷിതാക്കളുടെ അനുമതി പത്രം വേണം. സ്കൂളുകളിൽ കുട്ടികൾക്ക് മുട്ട നൽകുന്നതിന് രക്ഷിതാക്കളുടെ മുൻകൂർ അനുമതി പത്രം വാങ്ങണമെന്നും സർക്കുലറിലുണ്ട്. പ്രവേശന സമയത്തുതന്നെ മുട്ടയാണോ പഴമാണോ കുട്ടിക്ക് വേണ്ടതെന്ന കാര്യത്തിൽ രക്ഷിതാക്കളുടെ മുൻഗണന എഴുതി വാങ്ങും. ഈ അനുമതി പത്രത്തിൽ പിന്നീട് മാറ്റങ്ങൾ വരുത്താൻ അനുവദിക്കില്ല. കഴിഞ്ഞ വർഷം ചില സ്കൂൾ വികസന സമിതികൾ (എസ്.ഡി.എം.സി) ചില പ്രത്യേക ദിവസങ്ങളിൽ മുട്ട വിതരണം ചെയ്യേണ്ടതില്ലെന്ന് ഏകപക്ഷീയമായി തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് ഈ നടപടി. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് മുട്ട നൽകുന്നതിനായി അസിം പ്രേംജി ഫൗണ്ടേഷൻ 1500 കോടി രൂപയുടെ ധനസഹായം നൽകിയിരുന്നു. എന്നാൽ, ഫൗണ്ടേഷൻ നടത്തിയ അപ്രതീക്ഷിത പരിശോധനകളിൽ 762 സ്കൂളുകളിൽ 568 എണ്ണത്തിലും മുട്ട വിതരണം കൃത്യമായല്ല നടക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്.

Tags:    
News Summary - Facial Recognition for Attendance in Bengaluru; Action Against Teachers if Fake Figures Found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.