ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരസ്യങ്ങൾക്കായി കേന്ദ്ര സർക്കാർ ആറ് വർഷത്തിനിടെ ചെലവഴിച്ചത് 2,586 കോടി രൂപയെന്ന് വിവരാവകാശ (ആർ.ടി.ഐ) രേഖകൾ. 2020 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രിന്റ്, ടെലിവിഷൻ- റേഡിയോ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും ഹോർഡിങ്ങുകളിലൂടെയും പ്രധാനമന്ത്രിയെയും കേന്ദ്ര പദ്ധതികളെയും പ്രചരിപ്പിച്ചതിന്റെ ആകെ ചെലവ് മാത്രമാണിതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്കായി കഴിഞ്ഞ ആറ് വർഷത്തിനിടെ ആകെ 796 കോടി രൂപയും, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) പത്രമാധ്യമങ്ങളിലെ പരസ്യങ്ങൾക്കായി മാത്രം 338 കോടി രൂപയും ചെലവഴിച്ചെന്നും കേന്ദ്ര സർക്കാർ ചെലവഴിച്ചിട്ടുണ്ട്. റേഡിയോ, ടെലിവിഷൻ വിഭാഗങ്ങളിലെ പരസ്യങ്ങൾക്കായി 2020 മുതൽ ഇതേ കാലയളവിൽ ഏകദേശം 936 കോടി രൂപ നീക്കിവെച്ചു. ഹോർഡിങ്ങുകളും ഔട്ട്ഡോർ പരസ്യങ്ങൽക്കുമായി ആകെ 583.97 കോടി രൂപയും ചെലവാക്കിയെന്ന് രേഖകൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള വർഷങ്ങളിൽ കണക്കുകളിൽ വൻ വർധനയുണ്ടായതായും സി.ബി.സി വ്യക്തമാക്കുന്നു. ഡിജിറ്റൽ, സോഷ്യൽ മീഡിയകളിലെ പ്രമോഷനായി 2020-21ൽ വെറും 14 കോടി ചെലവഴിച്ച സ്ഥാനത്ത് 2025-26 ആയപ്പോഴേക്കും അത് 131.35 കോടി രൂപയായി ഉയർന്നു. ഏതാണ്ട് പത്തിരട്ടി വർധനവാണ് ഡിജിറ്റൽ പരസ്യങ്ങളിൽ മാത്രം ഉണ്ടായിരിക്കുന്നത്.
തൃണമൂൽ കോൺഗ്രസ് രാജ്യസഭ എം.പി സാകേത് ഗോഖലെ കണക്കുകൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂൺ ഒന്നിന് വിവരാവകാശ കമീഷന് അപേക്ഷ നൽകിയിരുന്നു. തുടർന്ന്, കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻസ് (സി.ബി.സി) ജൂൺ 16ന് ഈ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ, 2,586 കോടി രൂപയുടെ ഈ പരസ്യ കരാറുകൾ ഏതെല്ലാം ഏജൻസികൾക്കാണ് നൽകിയതെന്ന വിവരം വെളിപ്പെടുത്താൻ സി.ബി.സി തയാറായിട്ടില്ല. ഇത് 'വാണിജ്യ രഹസ്യമാണ്' എന്ന് ചൂണ്ടിക്കാട്ടി മന്ത്രാലയം വിവരങ്ങൾ മറച്ചുവെക്കുകയാണുണ്ടായത്.
ഇത് അതീവ ഗുരുതരമായ സാഹചര്യമാണെന്നും ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നാണ് രാജ്യത്തിന്റെ ഒരു പ്രധാനമന്ത്രിയെ പ്രമോട്ട് ചെയ്യാൻ ഇത്രയും ഭീമമായ തുക ചെലവിട്ടതെന്നും നികുതിദായകർ ആശങ്കപ്പെടേണ്ട വിഷയമാണെന്നും സാകേത് ഗോഖലെ ആരോപിച്ചു. ഒരു ഏജൻസി മാത്രം ചെലവഴിച്ച തുകയാണിത്. മറ്റ് മന്ത്രാലയങ്ങളും പൊതുമേഖല സ്ഥാപനങ്ങളും ബി.ജെ.പി പാർട്ടിയും നേരിട്ട് നടത്തിയ പരസ്യങ്ങളുടെ കണക്കുകൾ ഇതിന് പുറമെയാണെന്നും യഥാർഥ തുക ഇതിലും എത്രയോ മുകളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സർക്കാർ പരസ്യങ്ങൾ ആയുധമാക്കി മാധ്യമങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയാണെന്നും, മോദിയെയും ബി.ജെ.പിയെയും പ്രശംസിക്കുന്നവർക്ക് 2,586 കോടി രൂപയുടെ പ്രതിഫലം ലഭിക്കുമ്പോൾ രാജ്യത്തെ മാധ്യമങ്ങൾ ഇത്രമാത്രം പക്ഷപാതിത്വം കാണിക്കുന്നതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.