നീറ്റ് യു.ജി പുനഃപരീക്ഷ: അടിയന്തരമായി വാദം കേൾക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പരീക്ഷയുടെ പുനഃപരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ അടിയന്തരമായി വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. നിലവിൽ നീറ്റ് സംബന്ധിച്ച മറ്റ് ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് തന്നെ ഈ ഹർജിയും കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് മേയ് 3ന് നടന്ന പരീക്ഷ മേയ് 12നാണ് ദേശീയ പരീക്ഷാ ഏജൻസി റദ്ദാക്കിയത്. കേസ് നിലവിൽ സി.ബി.ഐ അന്വേഷിക്കുകയാണ്. ജൂൺ 21നാണ് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, പുതിയ തീയതി നിശ്ചയിച്ചത് യുക്തിരഹിതമാണെന്നും വിദ്യാർഥികൾക്ക് തയാറെടുക്കാൻ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്നും കാണിച്ച് വിദ്യാർഥികൾ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ അദീൽ അഹമ്മദാണ് കോടതിയിൽ അടിയന്തര വാദത്തിനായി ആവശ്യമുന്നയിച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ ഒപ്പുശേഖരണവും പരാതികളും ഹർജിക്കൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പരീക്ഷ പെട്ടെന്ന് റദ്ദാക്കിയതും തൊട്ടുപിന്നാലെ പുനഃപരീക്ഷ പ്രഖ്യാപിച്ചതും തങ്ങളെ കടുത്ത മാനസിക സമ്മർദ്ദത്തിലും ആശങ്കയിലുമാക്കിയെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി. തയാറെടുപ്പിന് ആവശ്യമായ സമയം ലഭിക്കാത്തത്, മറ്റ് പ്രവേശന പരീക്ഷകളുടെ തീയതികളുമായി കൂടികലരുന്നത്, യാത്രാസൗകര്യങ്ങളുടെ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന പ്രശ്നങ്ങളായി വിദ്യാർഥികൾ ഉന്നയിക്കുന്നത്. കൂടാതെ, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളും ചോർച്ചാ ആരോപണങ്ങളും കുട്ടികളെ മാനസികമായി തളർത്തുന്നുണ്ടെന്നും, കടുത്ത മാനസികവിഷമം മൂലം ചില വിദ്യാർഥികൾ ആത്മഹത്യ ചെയ്ത സംഭവങ്ങൾ വരെയുണ്ടായെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തിയവർ ആരാണെന്ന് കണ്ടെത്തി അവർക്കെതിരെ നടപടിയെടുക്കാതെ ഈ പ്രശ്നം തീരില്ലെന്ന് മേയ് 29ന് സുപ്രീംകോടതി പറഞ്ഞിരുന്നു. വിദ്യാർഥികളുടെ ആശങ്കകളിൽ കേന്ദ്ര സർക്കാരിന് കടുത്ത ഉത്കണ്ഠയുണ്ടെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സാഹചര്യം നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ജൂൺ 21ന് നടക്കുന്ന പുനഃപരീക്ഷയിൽ യാതൊരുവിധ അപാകതകളും ഉണ്ടാകാതിരിക്കാൻ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - NEET UG re-examination: Supreme Court rejects plea seeking urgent hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.