മുകേഷ് അംബാനി

ജിയോ ഐ.പി.ഒ പ്രഖ്യാപിച്ച് മുകേഷ് അംബാനി; അപേക്ഷാ രേഖകൾ ഇന്ന് സെബിക്ക് സമർപ്പിക്കും

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഏറെ നാളായി ഉറ്റുനോക്കിയിരുന്ന റിലയൻസ് ജിയോയുടെ പൊതു ഓഹരി വിൽപന (ഐ.പി.ഒ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 49-ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളെ അഭിസംബോധന ചെയ്തുകൊണ്ട് ചെയർമാൻ മുകേഷ് അംബാനിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ജിയോ പ്ലാറ്റ്‌ഫോംസിന്റെ പ്രാഥമിക ഓഹരി വിപണന രേഖകൾക്ക് കമ്പനി ബോർഡ് അംഗീകാരം നൽകിയതായും ഇത് ഇന്ന് തന്നെ മാർക്കറ്റ് റഗുലേറ്ററായ സെബിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യൻ മൂലധന വിപണിയിലെ തന്നെ ഏറ്റവും വലിയ ഐ.പി.ഒകളിൽ ഒന്നായിരിക്കും ജിയോയുടേത് എന്നാണ് വിലയിരുത്തപ്പെടുന്നത്. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് തങ്ങളുടെ ഐ.പി.ഒ രേഖകൾ സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജിയോയുടെയും പ്രഖ്യാപനം എത്തിയിരിക്കുന്നത്. ജിയോയുടെ ഓഹരി വിപണിയിലേക്കുള്ള പ്രവേശനത്തെ അതീവ പ്രാധാന്യത്തോടെയാണ് മുകേഷ് അംബാനി വിശേഷിപ്പിച്ചത്.'എനിക്കും മുഴുവൻ റിലയൻസ് കുടുംബത്തിനും ദശലക്ഷക്കണക്കിന് വരുന്ന ഞങ്ങളുടെ ഓഹരി ഉടമകൾക്കും ഇത് തികച്ചും വികാരാധീനമായ ഒരു നിമിഷമാണ്. റിലയൻസും അതിന്റെ ഓഹരി ഉടമകളും തമ്മിലുള്ള ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും പങ്കിട്ട വളർച്ചയിലും അധിഷ്ഠിതമായ പവിത്രമായ ഒന്നാണ്. ഓഹരി ഉടമകൾക്കായി സമ്പത്ത് സൃഷ്ടിക്കുക എന്ന സ്ഥാപകൻ ധീരുഭായ് അംബാനിയുടെ ദർശനം ഞങ്ങൾ തുടർന്നും കാത്തുസൂക്ഷിക്കും.' - മുകേഷ് അംബാനി പറഞ്ഞു.

ഇഷയും ആകാശും അനന്തും മുന്നിലേക്ക് റിലയൻസിന്റെ ഭാവി ബിസിനസ്സ് സാമ്രാജ്യം നയിക്കാൻ അടുത്ത തലമുറ പൂർണ സജ്ജരാണെന്ന സൂചനയും മുകേഷ് അംബാനി നൽകി. തന്റെ മക്കളായ ഇഷാ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവരാണ് ജിയോ ഐ.പി.ഒ പ്രക്രിയകൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകുന്നത്. വരും തലമുറക്ക് മികച്ച മൂല്യം സൃഷ്ടിക്കാൻ ഇവർക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

2016ൽ ആരംഭിച്ചതുമുതൽ ഇന്ത്യയുടെ ടെലികോം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ജിയോ കൊണ്ടുവന്നത്.നിലവിൽ കോടിക്കണക്കിന് വരിക്കാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്ററാണ് ജിയോ.ടെലികോമിന് പുറമെ ഡിജിറ്റൽ സേവനങ്ങൾ, ക്ലൗഡ് കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലേക്കും ജിയോ വലിയ രീതിയിൽ വളർന്നിട്ടുണ്ട്. ആഗോള നിലവാരത്തിലുള്ള സാങ്കേതിക കമ്പനികൾ കെട്ടിപ്പടുക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് തെളിയിക്കുന്നതായിരിക്കും ജിയോയുടെ ലിസ്റ്റിങ് എന്ന് അംബാനി കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന പുതിയ നിക്ഷേപകർക്ക് മികച്ചൊരു ഭാവിയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഐ.പി.ഒയുടെ വലുപ്പം, ഓഹരി വില തുടങ്ങിയ മറ്റ് വിവരങ്ങൾ സെബിയുടെ പരിശോധനകൾക്ക് ശേഷം വരും ദിവസങ്ങളിൽ പുറത്തുവിടും.

Tags:    
News Summary - Mukesh Ambani announces Jio IPO; Application documents to be submitted to SEBI today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.