പട്ന: ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ആവശ്യമാണെന്നും ഇതിനായി സംസ്ഥാനത്തെ കോളജുകളിൽ രാത്രി എട്ട് മണി വരെ ക്ലാസുകൾ നീട്ടുന്ന കാര്യം പരിഗണിക്കണമെന്നും ബിഹാറിലെ ബി.ജെ.പി മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. പട്ന എ.എൻ കോളജിന്റെ സ്ഥാപകദിന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഈ നിർദേശം മുന്നോട്ടുവെച്ചത്.
'കോളജിൽ എത്ര സമയം വരെ ക്ലാസുകളുണ്ടെന്ന് ഞാൻ പ്രിൻസിപ്പൽ രത്ന അമൃതിനോട് ചോദിച്ചിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ക്യാമ്പസ് വിജനമാകാറുണ്ടെന്നാണ് അവർ എനിക്ക് മറുപടി നൽകിയത്. ഇതിലൊരു വലിയ അവസരമുണ്ട്. വൈകിട്ട് എട്ട് മണി വരെ ക്ലാസുകൾ നടത്താൻ നമ്മൾ തയാറാകണം' മുഖ്യമന്ത്രി പറഞ്ഞു.
ഇത് വെറുമൊരു പ്രഖ്യാപനമല്ലെന്നും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസത്തിനായി നമ്മുടെ കുട്ടികൾ പഞ്ചാബിലേക്കും മഹാരാഷ്ട്രയിലേക്കും ഒക്കെ വണ്ടി കയറുകയാണ്. അവരുടെ ആവശ്യങ്ങൾ സ്വന്തം മണ്ണിൽ തന്നെ നിറവേറ്റാൻ നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തേണ്ടതുണ്ട്. 13 കോടിയോളം വരുന്ന ജനസംഖ്യക്ക് നിലവിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ പര്യാപ്തമല്ല. എന്നാൽ വരും ദിവസങ്ങളിൽ ഇതിൽ വലിയ മാറ്റങ്ങൾ പ്രകടമാകുമെന്നും സാമ്രാട്ട് ചൗധരി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇരുനൂറിലധികം പുതിയ കോളജുകൾ നിർമിക്കും. ഇതോടൊപ്പം, ഓപ്പൺ സർവകലാശാലകളും ഡീംഡ് സർവകലാശാലകളും സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. ഉയർന്ന ജനസാന്ദ്രതയുള്ള ബിഹാറിൽ ഭൂമിയുടെ ലഭ്യതക്കുറവ് പുതിയ സർവകലാശാലകളുടെ നിർമാണത്തിന് തടസ്സമാകരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ഇതിനായുള്ള ഫയലുകൾക്ക് കാബിനറ്റ് വേഗത്തിൽ അനുമതി നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുൻ മുഖ്യമന്ത്രിയും ജെ.ഡിയു അധ്യക്ഷനുമായിരുന്ന നിതീഷ് കുമാറിന്റെ വികസന പ്രവർത്തനങ്ങളെ പ്രശംസിക്കാനും സാമ്രാട്ട് ചൗധരി മറന്നില്ല. നിതീഷ് കുമാർ പാകിയ ശക്തമായ അടിത്തറയിൽ നിന്നുകൊണ്ട് തന്നെയാകും പുതിയ വികസനങ്ങളെന്നും അദ്ദേഹം പറഞ്ഞു. പണ്ട് വെറും 6,000 കോടി രൂപ മാത്രമായിരുന്ന ബിഹാറിന്റെ ബജറ്റ്, ജാർഖണ്ഡ് രൂപീകരണത്തോടെ വരുമാനത്തിന്റെ 87 ശതമാനവും നഷ്ടപ്പെട്ട് പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഇന്ന് 3.17 ലക്ഷം കോടി രൂപയുടെ ബജറ്റിലേക്ക് ബിഹാർ വളർന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.