മുംബൈ: ഭരണതലപ്പത്ത് തുടർച്ചയായി 12 വർഷം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രശംസയുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. പ്രധാനമന്ത്രിയുടെ ചരിത്ര നേട്ടത്തെ "അതിശയകരമായ നേട്ടം" എന്നാണ് അംബാനി വിശേഷിപ്പിച്ചത്. "ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച, തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന അതിശയകരമായ നേട്ടം കൈവരിച്ച നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിക്ക്, എല്ലാ ഓഹരി ഉടമകളും ഉൾപ്പെടുന്ന മുഴുവൻ റിലയൻസ് കുടുംബത്തിനും വേണ്ടി ഞാൻ ആദ്യമായി എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു"വെന്ന് വെളളിയാഴ്ച അംബാനി പറഞ്ഞു
ഇന്ത്യയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണത്തലവന്മാരിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വ്യക്തിയെന്ന ചരിത്രപരമായ റെക്കോർഡ് നരേന്ദ്ര മോദിക്ക് സ്വന്തമായതായി അംബാനി ചൂണ്ടിക്കാട്ടി. ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലും പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലുമുള്ള നരേന്ദ്ര മോദിയുടെ ഭരണകാലം ഈ വർഷം ഒക്ടോബർ 7-ഓടെ തുടർച്ചയായ 25 വർഷം (കാൽനൂറ്റാണ്ട്) പൂർത്തിയാക്കുമെന്ന് അംബാനി ഓർമ്മിപ്പിച്ചു.
"ഈ വർഷങ്ങളിൽ അദ്ദേഹം നേടിയ വോട്ടുകളുടെ എണ്ണം ജനാധിപത്യ ലോകത്തെ മറ്റേതൊരു നേതാവിനേക്കാളും വളരെ കൂടുതലാണ്. ഇന്ത്യയുടെ വളർച്ചയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അതിനനുസരിച്ചുള്ള പ്രവർത്തന പദ്ധതിയുമാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യ കൈവരിച്ച ദ്രുതഗതിയിലുള്ള വളർച്ചക്ക് കാരണമായത്," അംബാനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു ദശകത്തിനിടയിൽ ഇന്ത്യ കൈവരിച്ച ദ്രുതഗതിയിലുള്ള വളർച്ചക്ക് പിന്നിൽ പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണവും കൃത്യമായ പദ്ധതി നടത്തിപ്പുകളുമാണ്. കോവിഡ്-19 പ്രതിസന്ധി, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വിപണിയിലെ അസ്ഥിരത, സപ്ലൈ ചെയിൻ തകർച്ച എന്നിവ കാരണം കഴിഞ്ഞ ആറ് വർഷമായി ആഗോള സമ്പദ്‌വ്യവസ്ഥ വലിയ വെല്ലുവിളികൾ നേരിടുകയാണെന്ന് അംബാനി പറഞ്ഞു. എന്നാൽ ഇത്തരം കഠിനമായ സാഹചര്യങ്ങളിലും ഇന്ത്യ ശക്തമായ സാമ്പത്തിക പ്രതിരോധം തീർത്തു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഭാവി പ്രയാണത്തിൽ റിലയൻസ് മേധാവി വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. "വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഈ ബഹുധ്രുവ ലോകത്ത് ഇന്ത്യ കൂടുതൽ ശക്തമായി ഉയർന്നുവരുന്നത് എനിക്ക് കാണാൻ കഴിയുന്നുണ്ട്. ലോകത്ത് ഒരു സന്തുലിതാവസ്ഥ നിലനിർത്തുന്നവനായും, സമാധാനത്തിന്റെ പ്രൊമോട്ടറായും, എല്ലാവരുടെയും സുഹൃത്തായും ഇന്ത്യ മാറും. ഇത് വെറുമൊരു പ്രതീക്ഷയല്ല, എന്റെ വിശ്വാസവും ഉറപ്പുമാണെന്നും" അംബാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.