പെട്രോൾ കാറുകളെ ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങളാക്കാം; പ്രാദേശിക എഥനോൾ കൺവേർഷൻ കിറ്റുകൾക്ക് 15,000 രൂപയിൽ താഴെ മാത്രം ചെലവ്!

ന്യൂഡൽഹി: സാധരണ കാറുകളിൽ എഥനോൾ മിശ്രിത പെട്രോൾ ഉപയോഗിച്ച് ഓടിക്കാവുന്ന രീതിയിൽ മാറ്റം വരുത്താനുള്ള 'എഥനോൾ കൺവേർഷൻ കിറ്റുകൾ' ഇന്ത്യയിൽ നിർമിച്ചാൽ 15,000 രൂപയിൽ താഴെ മാത്രമേ ചെലവ് വരികയുള്ളൂ എന്ന് ഇന്ത്യൻ ഷുഗർ & ബയോ-എനർജി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (ഐ.എസ്.എം.എ). നിലവിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഇത്തരം കിറ്റുകൾക്ക് 40,000 മുതൽ 60,000 രൂപ വരെ വിലയുണ്ടെന്നും, പ്രാദേശികമായി ഉൽപ്പാദനം നടത്തുന്നതോടെ വില ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നും ഐ.എസ്.എം.എ ഡയറക്ടർ ജനറൽ ദീപക് ബല്ലാണി വ്യക്തമാക്കി.

പരീക്ഷണം വിജയം

ഐ.ഐ.ടി ഡൽഹിയുമായി ചേർന്ന് ഐ.എസ്.എം.എ നടത്തിയ പഠനത്തിൽ, പഴയ ബി.എസ്4 (BS4), ബി.എസ്6 (BS6) പെട്രോൾ കാറുകളിൽ ഇത്തരം കിറ്റുകൾ ഘടിപ്പിച്ച് വിജയകരമായി പരീക്ഷണം നടത്തി. ഫിൻലാൻഡ് ആസ്ഥാനമായുള്ള 'ഇഫ്ലെക്സ്ഫ്യൂവൽ' (eFlexFuel) കിറ്റുകൾ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. മാരുതി സ്വിഫ്റ്റ് (BS4), മാരുതി സ്വിഫ്റ്റ് ഡിസയർ (BS6) എന്നീ വാഹനങ്ങളിലാണ് പരീക്ഷണം നടത്തിയത്.

ഈ വാഹനങ്ങളിൽ E15 മുതൽ E100 വരെ (100% എഥനോൾ) വിവിധ അളവിലുള്ള എഥനോൾ മിശ്രിതങ്ങൾ ഉപയോഗിച്ചു. എൻജിൻ തകരാറുകളോ മറ്റ് അസ്വാഭാവികതകളോ കണ്ടെത്തിയില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ധനത്തിലെ എഥനോളിന്റെ അളവ് തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ഫ്യൂവൽ ഇൻജക്ഷൻ ക്രമീകരിക്കാൻ ഈ കിറ്റുകൾക്ക് സാധിക്കും.

അംഗീകാരത്തിനായുള്ള കാത്തിരിപ്പ്

നിലവിൽ ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാൻ തയ്യാറായിട്ടില്ല. പ്രാദേശികമായി നിർമിക്കുന്ന കിറ്റുകൾക്ക് ഓട്ടോമോട്ടീവ് ടെസ്റ്റിങ് ഏജൻസികളുടെയും വാഹന നിർമാതാക്കളുടെയും കർശനമായ പരിശോധനയും അംഗീകാരവും ആവശ്യമാണ്. ഇതിനായുള്ള മാർഗ്ഗരേഖ തയ്യാറാക്കാൻ ആവശ്യപ്പെട്ട് ഐ.എസ്.എം.എ ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകിയിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള ദശലക്ഷക്കണക്കിന് പെട്രോൾ വാഹന ഉടമകൾക്ക് പുതിയ വാഹനങ്ങൾ വാങ്ങാതെ തന്നെ ഉയർന്ന എഥനോൾ മിശ്രിതങ്ങൾ ഉപയോഗിക്കാൻ ഈ കൺവേർഷൻ കിറ്റുകൾ അവസരമൊരുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Tags:    
News Summary - Petrol cars can be converted into flex-fuel vehicles; local ethanol conversion kits cost less than Rs 15,000!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.