ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ 10 ശതമാനം സാമ്പത്തിക സംവരണം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം കവരുന്നില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. സാമ്പത്തിക സംവരണം കൊണ്ടുവന്ന 103ം ഭരണഘടനാ ഭേദഗതിക്കെതിരായ ഹരജിയിൽ വാദം കേൾക്കവേയാണ് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കേന്ദ്ര സർക്കാറിന്‍റെ വാദം അവതരിപ്പിച്ചത്.
ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മുന്നാക്ക സംവരണത്തെ ചോദ്യം ചെയ്തുള്ള ഹരജികൾ പരിഗണിക്കുന്നത്.
സാമ്പത്തിക സംവരണം ഒരു പരിണാമമാണെന്ന് അറ്റോർണി ജനറൽ വാദിച്ചു. മറ്റ് വിഭാഗങ്ങളുടെ സംവരണത്തെ ഇത് ഒരു വിധത്തിലും ബാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാണോയെന്ന ചോദ്യം ഉദിക്കുന്നില്ല -അദ്ദേഹം പറഞ്ഞു.
മുന്നാക്ക ജാതിക്കാർ, പിന്നാക്ക വിഭാഗക്കാർ അല്ലാത്തവർ, പൊതുവിഭാഗം എന്നിവർക്കാണ് 10 ശതമാനം സാമ്പത്തിക സംവരണമുള്ളതെന്ന് കേന്ദ്ര സർക്കാർ ഇന്നലെ നടന്ന വാദത്തിൽ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു.
വിദ്യാഭ്യാസത്തിലും നിയമനങ്ങളിലും 10 ശതമാനം സാമ്പത്തികസംവരണം ഏർപ്പെടുത്തി മോദിസർക്കാർ 2019ൽ കൊണ്ടുവന്ന 103ാം ഭരണഘടന ഭേദഗതിയുടെ സാധുതയാണ് സുപ്രീംകോടതിയിൽ ചോദ്യംചെയ്തിട്ടുള്ളത്. സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം കണക്കിലെടുത്ത് സംവരണം അനുവദിക്കാമോ എന്നതാണ് വിവിധ ഹരജികളിലെ പ്രധാന ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.