അനിത ബോസ്
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ഭൗതികാവശിഷ്‍ടം ജപ്പാനിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സഹായിക്കണമെന്ന തന്‍റെ ആവശ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് പ്രതികരണം ലഭിച്ചില്ലെന്ന് മകൾ അനിത ബോസ്. ഈ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒന്നിലധികം തവണ സമീപിച്ചിട്ടുണ്ടെന്നും തന്‍റെ പിതാവിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്ത 2022ലാണ് ഒടുവിൽ അദ്ദേഹത്തെ കണ്ടതെന്നും അവർ പറഞ്ഞു.
പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലേക്ക് ക്ഷണം കിട്ടിയപ്പോൾ പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിച്ചാൽ വരാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഭൗതികാവശിഷ്‍ടം കൊണ്ടുവരുന്ന കാര്യത്തിൽ മറുപടി ലഭിച്ചില്ലെന്നും മാധ്യമപ്രവർത്തകൻ കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ അനിത ബോസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നിലധികം തവണ കത്തെഴുതിയിട്ടുണ്ട്. രാഷ്‍ട്രപതിയെ കാണാൻ അവസരം ചോദിച്ചെങ്കിലും നിരസിക്കപ്പെട്ടു. മുമ്പ് ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രി ആയിരുന്നപ്പോഴും ഈ ആവശ്യം ഉന്നയിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നും അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
നേതാജിയുടെ 129ാം ജന്മവാർഷിക ദിനമായ കഴിഞ്ഞ വെള്ളിയാഴ്ച അനിതാ ബോസ് തന്‍റെ പിതാവിന്‍റെ ഭൗതികാവശിഷ്‍ടം ജപ്പാനിൽ നിന്ന് ഇന്ത്യയിലെത്തിക്കാൻ ജനങ്ങളുടെ പിന്തുണ അഭ്യർഥിച്ച് വിഡിയോ പുറത്തുവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.