തൊഴിലുറപ്പിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം

ന്യൂഡൽഹി: ബജറ്റ് പാർലമെന്റ് സമ്മേളനത്തിൽ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കൽ, ഇന്ത്യയുടെ വിദേശനയം, വോട്ടർപട്ടിക പരിഷ്‍കരണം, യു.ജി.സി പുതിയ മാർഗനിർദേശം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം. ബുധനാഴ്ച പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് പ്രതിപക്ഷം ഇക്കാര്യം ഉന്നയിച്ചത്. ഈ വിഷയങ്ങൾ പാർലമെന്റ് ഇതിനോടകം ചർച്ച ചെയ്തതാണെന്നും ബജറ്റ് സംബന്ധിച്ച കാര്യങ്ങൾക്കായിരിക്കും പ്രഥമ പരിഗണനയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലും ബജറ്റ് ചർച്ചയിലും പ്രതിപക്ഷത്തിന് അവരുടെ വിഷയങ്ങൾ ഉന്നയിക്കാമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ബജറ്റ് സമ്മേളനത്തിനുള്ള നിയമനിർമാണ അജണ്ട എം.പിമാർക്ക് പങ്കിടാതിരുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു.

പാർലമെന്റിൽ ആവശ്യമായ നിരവധി ചർച്ചകളിൽനിന്നും കേന്ദ്ര സർക്കാർ വിട്ടു നിൽക്കുന്നുവെന്ന് യോഗത്തിൽ സംസാരിച്ച മുസ്‍ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി. പിന്നാക്ക ന്യൂനപക്ഷ, പട്ടിക ജാതി-വർഗ വിഭാഗങ്ങൾ ദിനംപ്രതി വിവിധ തരത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നും ഈ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യ വ്യാപകമായി ക്രൈസ്തവര്‍ക്കും ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും എതിരെ നടക്കുന്ന നിരന്തര ആക്രമണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ ദേശീയ കമീഷനെ നിയോഗിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കി.

Tags:    
News Summary - Opposition demands discussion on thozhilurapp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.