​കശ്​മീരിലെ വെടിനിർത്തലിൽ പി.ഡി.പി അസ്വസ്​ഥർ; ബി.ജെ.പി നേതാക്കളെ അമിത് ഷാ​ വിളിപ്പിച്ചു

ജമ്മുകശ്​മീർ: റമദാൻ മാസത്തോടനുബന്ധിച്ച്​ കശ്​മീരിൽ നടപ്പിലാക്കിയ വെടി നിർത്തൽ​ തുടരാത്തതിൽ പി.ഡി.പിക്ക്​ അതൃപ്​തി. സൈനിക നടപടികൾ തുടരാമെന്നും വെടിനിർത്തൽ പിൻവലിക്കുന്നതായുമുള്ള കേന്ദ്രതീരുമാനം കശ്​മീരിൽ ഭരണം പങ്കിടുന്ന പി.ഡി.പിയും സഖ്യകക്ഷിയായ ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിൽ ഒരിക്കൽ കൂടി വിള്ളലുണ്ടാക്കിയിരിക്കുകയാണ്​. പ്രശ്​നം ചർച്ച ചെയ്യാൻ കശ്​മീരിലെ ബി.ജെ.പി മന്ത്രിമാരെ അമിത്​ ഷാ ഡൽഹിയിലേക്ക്​ വിളിപ്പിച്ചിട്ടുണ്ട്​. 

റമദാൻ കാലയളവിൽ കശ്​മീരിലെ ജനങ്ങൾക്ക്​ അൽപം സ്വൈര്യവും സമാധാനവും നൽകുകയെന്ന ലക്ഷ്യം വെച്ചാണ്​ പ്രത്യേക സമാധാന ശ്രമമെന്ന നിലയിൽ സൈനിക നടപടികൾ നിർത്തി വെച്ചത്​. കശ്​മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്​തിയുടെ ആശയമായിരുന്നു ഇത്​. എന്നാൽ സഖ്യകക്ഷി കൂടിയായ ബി.ജെ.പി ഇതിനെ ശക്തമായി എതിർത്തിരുന്നു. മുഫ്​തിയുടെ നിർദ്ദേശം തള്ളണമെന്ന്​ കേന്ദ്രത്തോട്​ ആവശ്യപ്പെടുകയും ചെയ്​തു.

റമദാൻ മാസത്തിനു ശേഷവും വെടിനിർത്തൽ തുടരുമെന്നായിരുന്നു മുഫ്​തിയുടെ പ്രതീക്ഷ. എന്നാൽ ഇൗ കാലയളവിൽ ഭീകരപ്രവർത്തനങ്ങൾ ഇരട്ടിയിലധികമായതായാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​. റമദാന്​ രണ്ടു ദിവസം മുമ്പ്​ മുതിർന്ന മാധ്യമപ്രവർത്തകനായ ശുജാഅത്ത്​ ബുഖാരി കൊല്ലപ്പെടുക കൂടി ചെയ്​തതോടെ വെടിനിർത്തൽ തുടരുമെന്നുള്ള ചെറിയ പ്രതീക്ഷയും അവസാനിക്കുകയായിരുന്നു. 

വ്യത്യസ്​ത കാഴ്​ചപ്പാടുകളുള്ള ബി.ജെ.പി-പി.ഡി.പി സഖ്യത്തിൽ തുടക്കം മുതൽ തന്നെ പല കാര്യങ്ങളിലും അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. 
 

Tags:    
News Summary - End Of Ceasefire Upsets PDP, Amit Shah Summons Leaders-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.