കൊച്ചി: ഒന്നാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപും വിധിയെഴുതി. വൈകീട്ട് അഞ്ച് വരെയുള്ള കണക്ക് പ്രകാരം 59.02 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. പല ദ്വീപുകളിലും പോളിങ് രാത്രിയും നീണ്ടു. 85.14 ശതമാനമായിരുന്നു 2019ലെ പോളിങ്.
രാജ്യത്തെ ഏറ്റവും ചെറിയ പാർലമെന്റ് മണ്ഡലമായ ഇവിടെയുള്ള പത്ത് ദ്വീപുകളിലെ 39 കേന്ദ്രങ്ങളിലായി തയാറാക്കിയ 55 ബൂത്തുകളിലേക്കും അതിരാവിലെതന്നെ വോട്ടർമാർ എത്തിയിരുന്നു. എന്നാൽ ചില ബൂത്തുകളിൽ മന്ദഗതിയിലാണ് പോളിങ് പുരോഗമിച്ചത്. 11 മണിയായപ്പോഴേക്കും 16.33 ശതമാനം മാത്രമായിരുന്നു പോളിങ്. മൂന്ന് മണിയോടെ 43.98 ശതമാനവും അഞ്ചോടെ 59.02 ശതമാനവുമായി ഉയർന്നു. ഈസമയം ജനസാന്ദ്രത കൂടിയ ദ്വീപുകളായ ആന്ത്രോത്ത് -57.37 ശതമാനം, കവരത്തി -64.98 , അമിനി -49.64, അഗത്തി -60.46, മിനിക്കോയ് -52.84 എന്നിങ്ങനെ പോളിങ് എത്തിയിരുന്നു. പോളിങ് സമയം അവസാനിച്ചപ്പോൾ ചില ബൂത്തുകളിൽ വോട്ടർമാരുടെ ക്യൂ ഉണ്ടായിരുന്നു. ഇവർക്ക് ടോക്കൺ നൽകി വോട്ടെടുപ്പ് പൂർത്തീകരിച്ചു.
എൻ.സി.പി (എസ്) സ്ഥാനാർഥി മുഹമ്മദ് ഫൈസൽ, കോൺഗ്രസ് സ്ഥാനാർഥി ഹംദുല്ല സഈദ് എന്നിവർ രാവിലെ ആന്ത്രോത്ത് സെന്റർ ഗവ. ബേസിക് സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. എൻ.സി.പി അജിത് പവാർ വിഭാഗം സ്ഥാനാർഥി ടി.പി. യൂസുഫ് കടമത്ത് ദ്വീപിലെ ബൂത്തിലും സ്വതന്ത്ര സ്ഥാനാർഥി കെ. കോയ മിനിക്കോയ് ദ്വീപിലും വോട്ട് ചെയ്തു. കേരളത്തിലും മറ്റ് സ്ഥലങ്ങളിലും പഠന, ജോലി, ചികിത്സ ആവശ്യങ്ങൾക്കായി എത്തിയ നിരവധിയാളുകൾ വോട്ട് ചെയ്യാൻ ദ്വീപിൽ മടങ്ങിയെത്തിയിരുന്നു. പതിവുപോലെ ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചത്. 29,278 പുരുഷന്മാരും 28,506 പേർ സ്ത്രീകളുമായി 57,784 പേരാണ് ആകെ വോട്ടർമാർ. ഇതിൽ 101 പേർ മുതിർന്ന പൗരന്മാരാണ്.
പൂർണ ആത്മവിശ്വാസത്തിലാണെന്ന് സ്ഥാനാർഥികൾ പ്രതികരിച്ചു. ഹംദുല്ല സഈദ് -കോൺഗ്രസ്, മുഹമ്മദ് ഫൈസൽ -എൻ.സി.പി (എസ്), ടി.പി. യൂസുഫ് -എൻ.സി.പി അജിത് പവാർ വിഭാഗം, സ്വതന്ത്ര സ്ഥാനാർഥി കെ. കോയ എന്നിവരാണ് ഇവിടെ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.