യഥാർഥ തൃണമൂൽ കോൺഗ്രസ് ഏത്​? തെളിവുകൾ സമർപ്പിക്കാൻ മമത- ഋതബ്രത വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശം

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിലെ പിളർപ്പ് നിർണായക ഘട്ടത്തിൽ. പാർട്ടിയുടെ യഥാർഥ അവകാശികൾ ആരാണെന്ന് തീരുമാനിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മമത ബാനർജി വിഭാഗത്തിനും ഋതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തിനും ജൂലൈ ആറിന് വൈകിട്ട് 5.30നകം തങ്ങളുടെ അവകാശവാദങ്ങളും എതിർവാദങ്ങളും രേഖകളും സമർപ്പിക്കാൻ ആവശ്യപ്പെട്ട് കത്തയച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യാഴാഴ്ച വിമത ക്യാമ്പ് തെരഞ്ഞെടുപ്പ് കമീഷനുമായി നടത്തിയ നിർണായക കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നിർദേശം. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള 10 അംഗ പ്രതിനിധി സംഘം മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും വ്യാഴാഴ്ച കണ്ടിരുന്നു. യഥാർഥ ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ തങ്ങളാണെന്നും, പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം, പേര് തുടങ്ങിയവ തങ്ങൾക്ക് നൽകണമെന്നും വിമതർ ആവശ്യപ്പെട്ടു.

മൂന്നിൽ രണ്ടിലധികം എം.എൽ.എമാരുടെയും ഭൂരിഭാഗം കൗൺസിലർമാരുടെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഋതബ്രത ബാനർജി അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷൻ തങ്ങളുടെ വാദങ്ങൾ ക്ഷമയോടെ കേട്ടെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മമത ബാനർജി വിഭാഗം തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിയെ ചോദ്യം ചെയ്തു. പാർട്ടിയുടെ അംഗീകൃത നേതാക്കൾക്ക് മാത്രമാണ് കമീഷനുമായി കൂടിക്കാഴ്ചക്ക് നടത്താൻ കഴിയൂ എന്നിരിക്കെ, പാർട്ടിയിൽ നിന്ന് പുറത്താക്കിയ നേതാക്കൾക്ക് എങ്ങനെ കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചുവെന്നാണ് അവരുടെ ചോദ്യം. കമീഷൻ സ്വന്തം ചട്ടങ്ങൾ ലംഘിച്ചുവെന്നും ഈ നടപടി ബി.ജെ.പിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സമ്മർദ ഫലമാണെന്നും തൃണമൂൽ എം.പിമാരായ സൗഗത റോയ്, സാഗരിക ഘോഷ് എന്നിവർ ആരോപിച്ചു.

ഇരുവിഭാഗങ്ങളും സമർപ്പിക്കുന്ന രേഖകൾ പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമീഷൻ തുടർ നടപടികൾ സ്വീകരിക്കുക. പാർട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പുകൾ, അംഗീകൃത ഭാരവാഹികൾ എന്നിവ സംബന്ധിച്ച രേഖകൾ പരിശോധിക്കും. ആവശ്യമെങ്കിൽ ഇരു വിഭാഗങ്ങളെയും വീണ്ടും നേരിട്ട് കേൾക്കാനും കമീഷൻ തീരുമാനിച്ചേക്കും. ഏത് വിഭാഗത്തിനാണ് പാർട്ടി സംഘടനയിലും നിയമസഭാ കക്ഷിയിലും കൂടുതൽ പിന്തുണയുള്ളതെന്ന് വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് കമീഷൻ യഥാർഥ തൃണമൂൽ കോൺഗ്രസ് ഏതാണ് എന്ന് തീരുമാനിക്കുക. ഒരു വിഭാഗത്തിന്റെ അവകാശവാദം അംഗീകരിച്ചാൽ അവർക്ക് പാർട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും ലഭിക്കും. മറിച്ചാണെങ്കിൽ, മറ്റേ വിഭാഗത്തിന് പുതിയ പേരും ചിഹ്നവും സ്വീകരിക്കേണ്ടി വരും. ചില സാഹചര്യങ്ങളിൽ അന്തിമ തീരുമാനം വരുന്നതുവരെ ചിഹ്നം താൽക്കാലികമായി മരവിപ്പിക്കാനും കമീഷന് അധികാരമുണ്ട്.

Tags:    
News Summary - ECI asks both factions of TMC to submit responses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.