മഹാരാഷ്ട്രയിൽ ശിവസേനക്ക് തിരിച്ചടി; അമ്പും വില്ലും ചിഹ്നവും പേരും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുടെ അമ്പും വില്ലും ചിഹ്നവും പേരും ഉപയോഗിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. ഉദ്ധവ് പക്ഷത്തിനും ഷിൻഡെ പക്ഷത്തിനും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ചിഹ്നവും ശിവസേനയെന്ന പേരും ഉപയോഗിക്കാൻ കഴിയില്ല. അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുവിഭാഗവും പാർട്ടി ചിഹ്നത്തിനുമേൽ അവകാശവാദമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി.

ഒക്ടോബര് 10ന് ഉച്ചക്ക് ഒരുമണിക്ക് മുൻപായി ഇരുവിഭാഗങ്ങളും മൂന്ന് പുതിയ പേരുകളും മൂന്ന് ചിഹ്നങ്ങളും നിർദേശിക്കണമെന്നും പരിശോധിച്ച ശേഷം ഉചിതമായ പേരും ചിഹ്നവും ഇരുവർക്കും അനുവദിക്കുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

അമ്പും വില്ലും ചിഹ്നം തങ്ങൾക്ക് വേണമെന്നും അതിനായി നിയമവിദഗ്‌ദരുമായി കൂടിയാലോചന നടത്തുമെന്നും ഷിൻഡെ വിഭാഗം വക്താവ് നരേഷ് മസ്കെ പറഞ്ഞു. കമ്മീഷന്റെ ഉത്തരവ് അപ്രതീക്ഷിതവും ചിന്തിക്കാൻ കഴിയാത്തതുമാണെന്ന് ശിവസേന എം.പി അനിൽ ദേശായി പ്രതികരിച്ചു.

ശിവസേന ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് അനുവദിക്കണമെന്ന് നേരത്തെ ഷിൻഡെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഉദ്ധവിനോട് കമ്മീഷൻ മറുപടി ആവശ്യപ്പെട്ടു. ഷിൻഡെ പക്ഷം സ്വമേധയാ പാർട്ടി വിട്ടതാണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കാനാകില്ലെന്നും ഉദ്ധവ് തെരഞ്ഞെടുപ്പ് കമ്മീഷനെ വെള്ളിയാഴ്ച അറിയിച്ചിരുന്നു.

Tags:    
News Summary - EC freezes Shiv Sena’s bow and arrow symbol for Thackeray faction and Shinde camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.