സീരിയൽ നടി നന്ദിനി ജീവനൊടുക്കി

ബംഗളൂരു: ‘ജീവ ഹൂവഗിദെ’, ‘സംഘർഷ’, ‘ഗൗരി’ തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സി.എം. നന്ദിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 26 വയസ്സായിരുന്നു. ബംഗളൂരു കെങ്കേരിയിലെ വീട്ടിലാണ് നടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. തനിക്ക് അഭിനയം തുടരാനാണ് ആഗ്രഹമെന്നും കുടുംബം വിവാഹത്തിന് നിർബന്ധിക്കുകയാണെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ഞായറാഴ്ച രാത്രി 11.20നും ഡിസംബർ 29 പുലർച്ചെ 12.30നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അന്ന് വൈകുന്നേരം സുഹൃത്ത് പുനീതിന്റെ വീട്ടിൽ പോയ നന്ദിനി രാത്രി 11.23നാണ് തിരിച്ചെത്തിയത്. പിന്നീട് പുനീത് ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഇയാൾ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയായിരുന്നു. മുറി തുറന്ന് പരിശോധിച്ചപ്പോൾ ജനൽ ഗ്രില്ലിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നന്ദിനിയുടെ മാതാവ് ജി.ആർ ബസവരാജേശ്വരി നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. കെങ്കേരി പൊലിസ് ഇൻസ്പെക്ടർ ഹനുമന്ത ഹാദിമാനിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

വിജയനഗര ജില്ലയിലെ കോട്ടൂർ സ്വദേശിനിയായ നന്ദിനി 2018ൽ എൻജിനീയിറങ് പഠനത്തിനായാണ് ബംഗളൂരുവിലെത്തിയത്. അഭിനയത്തോടുള്ള താൽപര്യം കാരണം പഠനം പാതിവഴിയിൽ നിർത്തി. കന്നഡ, തമിഴ് സീരിയലുകളിലൂടെയാണ് ശ്രദ്ധേയയായത്. തമിഴ് സീരിയലായ ‘ഗൗരി’യിൽ കനക, ദുർഗ എന്നീ ഇരട്ടവേഷങ്ങൾ അഭിനയിച്ചുവരവെയാണ് അന്ത്യം.

സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ഇദ്ദേഹത്തിന്‍റെ മരണശേഷം ആ ജോലി നന്ദിനിക്ക് ലഭിച്ചിരുന്നു. എന്നാൽ അഭിനയം ഉപേക്ഷിച്ച് സർക്കാർ ജോലിക്ക് സ്വീകരിക്കാൻ നന്ദിനിക്ക് താൽപര്യമുണ്ടായിരുന്നില്ല. അഭിനയം മതിയാക്കി വിവാഹിതയാകാൻ വീട്ടുകാർ നിരന്തരം നിർബന്ധിച്ചിരുന്നതായി നന്ദിനിയുടെ ഡയറിയിലുണ്ട്.

Tags:    
News Summary - Kannada TV actress dies by suicide in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.