ബജ്റങ് ദൾ ഗുണ്ടകൾ ബറേലി ഹോട്ടലിൽ അതിക്രമം നടത്തുന്ന വിഡിയോ ദൃശ്യങ്ങളിൽനിന്ന്

‘ഈ ബജ്‌റങ് ദൾ ഗുണ്ടകൾ നാടിന്റെ ബഹുസ്വരതക്ക് നാണക്കേടാണ്, ഇവരെ നിരോധിക്കണം’; അതിക്രമങ്ങൾക്കെതിരെ തുറന്നടിച്ച് രാജ്ദീപ് സർദേശായി

ന്യൂഡൽഹി: ഉ​ത്തരേന്ത്യയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി അഴിഞ്ഞാടുന്ന ബജ്റങ് ദളിനെ നിരോധിക്കണമെന്ന ആവശ്യമു​ന്നയിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി. ബഹുസ്വര ഇന്ത്യയെന്ന, രാജ്യത്തിന്റെ മഹത്തായ മൂല്യത്തിന് നിരന്തരം നാണക്കേട് വരുത്തിവെക്കുകയാണ് ഈ ഗുണ്ടകളെന്നും ‘എക്സി’ൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ രാജ്യത്തുടനീളം അക്രമ പ്രവർത്തനങ്ങൾ അഴിച്ചുവിട്ട സംഘ്പരിവാർ സംഘടനകളിലൊന്നായ ബജ്റങ് ദൾ, കഴിഞ്ഞ ദിവസം യു.പിയിലെ ബറേലിയിൽ നടത്തിയ മറ്റൊരു അതിക്രമത്തിന്റെ വിഡിയോ പങ്കുവെച്ചാണ് രാജ്ദീപ് കടുത്ത വിമർശനവുമായി രംഗത്തെത്തിയത്. ബറേലിയിൽ ഒരു റെസ്റ്ററന്റിൽ ഹിന്ദു മതസ്ഥയായ കൂട്ടുകാരിയുടെ ബർത്ത് ഡേ വിരുന്നിൽ പ​ങ്കെടുക്കാനെത്തിയ രണ്ട് മുസ്‍ലിം സഹപാഠികളെ ഒരു കൂട്ടം ബജ്റങ്ദളുകാർ ക്രൂരമായി മർദിച്ചിരുന്നു. ‘ജയ് ശ്രീറാം’ വിളികളുമായെത്തിയ അക്രമി സംഘം ‘ലവ് ജിഹാദ്’ ആരോപിച്ചാണ് ഇവരെ വളഞ്ഞിട്ട് മർദിച്ചത്.

എന്നാൽ, ബറേലി പൊലീസ് മർദനത്തിരയായ യുവാക്കളുടെ പേരിൽ ക്രമസമാധാനം തകർത്തെന്നാരോപിച്ച് കേസെടുത്തത് വലിയ ചർച്ചയാവുകയും ചെയ്തു. അക്രമത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കുറ്റക്കാരായ ചിലർക്കെതിരെ കേസെടുക്കാൻ പൊലീസ് നിർബന്ധിതരാവുകയായിരുന്നു.

‘നിത്യേനയെന്നോണം, വടക്കേയിന്ത്യയുടെ ചില ഭാഗങ്ങളിൽ പ്രത്യേകിച്ചും ബജ്റങ് ദൾ ഗുണ്ടകൾ ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഏറ്റവുമൊടുവിൽ, ബറേലിയിൽ ഒരു പെൺകുട്ടിയുടെ ബർത്ത്ഡേ പാർട്ടിയിൽ അതിക്രമിച്ചു കടന്ന സംഘം രണ്ടു മുസ്‍ലിം കുട്ടികളെ ക്രൂരമായി മർദിച്ചിരിക്കുന്നു. ‘ലവ് ജിഹാദ്’ ആരോപണമുന്നയിച്ചായിരുന്നു അക്രമം. ഇതിന്റെ വിഡിയോ വൈറലായതോടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വിദ്വേഷ അജണ്ടയുമായി ധിക്കാരപൂർവം അഴിഞ്ഞാടാൻ ബജ്റങ് ദളിനെ എത്രകാലം അനുവദിക്കും? ബഹുസ്വര ഇന്ത്യ എന്ന ആശയത്തിന് ഈ ബജ്‌റങ് ദൾ ഗുണ്ടകൾ നാണക്കേട് മാത്രമാണ് വരുത്തിവെക്കുന്നത്. ഈ ഗുരുതര കുറ്റങ്ങൾക്ക് അക്രമികൾക്ക് പരമാവധി ശിക്ഷ നൽകുകയും ഇവരെ നിരോധിക്കുകയും വേണം’ -തന്റെ എക്സ് പോസ്റ്റിൽ രാജ്ദീപ് തുറന്നടിച്ചു.

ശനിയാഴ്ച രാത്രി ബറേലി പ്രേംനഗർ പ്രദേശത്തെ റസ്റ്റാറന്റിലാണ് സംഭവം. ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിങ് വിദ്യാർഥിനിയുടെ പിറന്നാൾ ആഘോഷത്തിനായി സഹപാഠികളായ അഞ്ച് പെൺകുട്ടികളും നാല് ആൺകുട്ടികളും ഉൾപ്പെടെ ഒമ്പത് കൂട്ടുകാരാണ് എത്തിയിരുന്നത്. ഇതിൽ രണ്ട് യുവാക്കൾ മുസ്‍ലിംകളായിരുന്നു. ഹിന്ദു പെൺകുട്ടിയോടൊപ്പം മുസ്‍ലിം യുവാക്കളുമുണ്ടെന്നറിഞ്ഞെത്തിയ ഹിന്ദുത്വ പ്രവർത്തകർ ആ​ഘോഷം തടസ്സപ്പെടുത്തുകയും ‘ലവ് ജിഹാദ്’ ആരോപിച്ച് ക്രൂര മർദനം അഴിച്ചുവിടുകയുമായിരുന്നു. 

Tags:    
News Summary - 'Bajrang Dal Goons Bring Only SHAME To India, BAN THEM'; Demands Rajdeep Sardesai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.