പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്ര വിവാഹം കഴിക്കുന്നത് കളിക്കൂട്ടുകാരിയെ; വിപുലമായ ചടങ്ങ് രാജസ്ഥാനിൽ നാളെ

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വാദ്രയുടെയും മകനായ റൈഹാൻ വാദ്രയുടെ വിവാഹം നിശ്ചയിച്ചു. അവീവ ബെയ്ഗാണ് വധു. ഇവർ ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

25കാരനായ റൈഹാൻ വാദ്രയും അവീവ ബെയ്ഗും ഏഴു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പറയുന്നു. രണ്ടു പേരുടേയും കുടുംബങ്ങൾ ബന്ധത്തിന് സമ്മതം നൽകിയതോടെ റൈഹാൻ വാദ്ര ഇന്നലെ ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ അവീവ ബെയ്ഗിനോട് വിവാഹാഭ്യർഥന നടത്തി.

രണ്ട് കുടുംബങ്ങളുടേയും സമ്മതത്തോടെ ബുധനാഴ്ച രാജസ്ഥാനിലെ രന്തംബോറിൽ കൂടുതൽ വിപുലമായ വിവാഹനിശ്ചയ ചടങ്ങ് നടക്കുമെന്നാണ് അറിയുന്നത്. വിവാഹം ഏതാനും മാസങ്ങൾക്ക് ശേഷമായിരിക്കും വിവാഹം.

അവീവ ബെയ്ഗും കുടുംബവും ഡൽഹി നിവാസികളാണ്. പിതാവ് ഇമ്രാൻ ബെയ്ഗ് ബിസിനസുകാരനും മാതാവ് നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറുമാണ്.

പ്രിയങ്ക ഗാന്ധി വാദ്രയും നന്ദിത ബെയ്ഗും പഴയ സുഹൃത്തുക്കളാണെന്നും കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവന്റെ ഇന്റീരിയർ ഡിസൈനിൽ നന്ദിത ബെയ്ഗ് പ്രിയങ്ക ഗാന്ധിയെ സഹായിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

രണ്ട് കുടുംബങ്ങളും തമ്മിൽ വർഷങ്ങളായി സൗഹൃദം പുലർത്തുന്നുണ്ട്. റൈഹാനും അവീവയും ഒരേ സ്കൂളിലാണ് പഠിച്ചതെന്നും പറയപ്പെടുന്നു.

രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും പഠിച്ച ഡെറാഡൂണിലെ ഡൂൺ സ്കൂളിൽ തന്നെയാണ് റൈഹാൻ വാദ്രയും പഠിച്ചത്. തുടർന്ന് ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ ഉന്നത ബിരുദ പഠനം പൂർത്തിയാക്കി.

വന്യജീവി, തെരുവ്, വാണിജ്യ ഫോട്ടോഗ്രാഫി എന്നിവയിൽ തൽപരനായ ഇദ്ദേഹം സോളോ എക്സിബിഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ഡൽഹിയിലെ മോഡേൺ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവീവ, പിന്നീട് ഒ.പി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം നേടി.

മാതാവിന്‍റെ പാത പിന്തുടർന്ന അവൈവ ഇപ്പോൾ ഇന്റീരിയർ ഡിസൈനറാണ്. ഫോട്ടോഗ്രാഫിയിലും താൽപര്യമുണ്ട്. 

Tags:    
News Summary - Priyanka Gandhi's son Raihan Vadra to marry playmate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.