ചണ്ഡീഗഡ്: മാതൃരാജ്യത്തോടുള്ള ആദരവ് സൂചിപ്പിക്കുന്ന ‘വന്ദേ മാതരം’ എന്ന മുദ്രാവാക്യം ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റിയെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല. സമുദായങ്ങളെ പരസ്പരം എതിർത്ത് ബി.ജെ.പി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ മാതൃകയാണ് ഹരിയാനയിൽ പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വർഷങ്ങളായി സംസ്ഥാനം ഝാട്ട് - ഝാട്ട് അല്ലാത്തവർ, പഞ്ചാബി - അഗർവാൾ, ദരിദ്രർക്കിടയിൽ രവിദാസിയ - വാൽമീകി, സിഖ് - ഹിന്ദു എന്നിങ്ങനെ പല തരത്തിൽ വിഭജിക്കപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണർക്കും സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്കുമിടയിൽ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മേവാത്തിലെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഭിന്നിപ്പിച്ച് പാർട്ടി സമുദായങ്ങളെ ധ്രുവീകരിച്ചെന്ന് രാജ്യസഭ എം.പി ആരോപിച്ചു.
ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട പുണ്യഭൂമിയായി കണക്കാക്കപ്പെടുന്ന കൈതാൽ-കപിസ്തലിൽ പോലും അധിക്ഷേപവും അന്യരെന്ന് മുദ്രകുത്തുന്ന തരത്തിൽ വിദ്വേഷത്തിന്റെ വ്യാപനവും എത്തിയിട്ടുണ്ട്. കൃഷിയിലൂടെ രാഷ്ട്രത്തെ പോഷിപ്പിക്കുന്നതിന് പേരുകേട്ട സംസ്ഥാനത്ത് ‘വെറുപ്പിന്റെ വിള’ വിതയ്ക്കുന്നതിന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു. നിശബ്ദതയുടെ സമയം അവസാനിച്ചു. ഭിന്നതകൾക്കപ്പുറം ഭഗവദ്ഗീതയിൽ പഠിപ്പിക്കുന്ന സ്നേഹം, കടമ, നീതി എന്നിവയുടെ സന്ദേശം പിന്തുടരണമെന്നും അദ്ദേഹം രൺദീപ് സിങ് സുർജേവാല ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.